
വയനാട് : സംസ്ഥാനത്ത് കോഴിമുട്ടയുടെ വില സർവകാല റിക്കോർഡിലേക്ക് ഉയർന്നു. അയൽ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിൽ ഉച്ച ഭക്ഷണത്തോടൊപ്പം മുട്ട കൂടി ഉൾപ്പടുത്തിയതോടെ കേരളത്തിലേക്കുള്ള മുട്ട വരവും കുറഞ്ഞു.
വയനാട്ടിൽ ചില്ലറ വിപണിയിൽ ഒരു മുട്ടയുടെ വില എട്ടു മുതൽ 8.50 വരെ എത്തി. ഒരു മാസം മുമ്പ് അഞ്ചു മുതൽ ആറു രൂപ വരെ ഉണ്ടായിരുന്ന മുട്ടയുടെ വിലയാണ് കുത്തനെ ഉയർന്നത്. കോഴി തീറ്റയുടെ വില വർധനവും തമിഴ്നാട്ടിലെ നാമക്കലിൽ മുട്ടയുടെ മൊത്ത വില ഉയർന്നതുമാണ് വില വർധനക്ക് പ്രധാന കാരണം.
തമിഴ്നാട്ടിലേയും കർണാടകയിലേയുമെല്ലാം വിദ്യാലയങ്ങളിൽ ഉച്ച ഭക്ഷണത്തോടൊപ്പം പുഴുങ്ങിയ കോഴിമുട്ട കൂടി ഉൾപ്പെടുത്തിയതോടെയാണ് കേരളത്തിൽ മുട്ടക്ക് ക്ഷാമം തുടങ്ങിയത്. നാമക്കലിൽ നിത്യേന അഞ്ചരകോടി മുട്ടയാണ് ഉത്പാദിപ്പിക്കുന്നത്.
ഇതിൽ മൂന്നരകോടിയും കേരളത്തിലേക്കായിരുന്നു എത്തിയിരുന്നത്. മത്സ്യം, മാംസം എന്നിവയുടെ വിലവർധനയെത്തുടർന്ന് മുട്ടക്ക് ആവശ്യക്കാർ വർധിക്കുകയും ചെയ്തു. 50 കിലോയുടെ ഒരു ചാക്ക് കോഴിതീറ്റക്ക് 2300 രൂപ വരെയായി വില ഉയർന്നിട്ടുണ്ട്.
ഇതോടൊപ്പം കാടമുട്ടയുടെ വിലയും ഉയർന്നിട്ടുണ്ട്. മൂന്നു രൂപക്ക് ലഭിച്ചിരുന്ന കാട മുട്ടയുടെ വില ഇപ്പോൾ 3.50 ആയി. തീറ്റയുടെ വില വർധനവ് തന്നെയാണ് കാടമുട്ടയുടെ വില വർധനവിനും കാരണം.





