നഷ്ടം സഹിക്കാനാവുന്നില്ല, സ്വകാര്യ ബസുകൾ കട്ടപ്പുറത്തേക്ക്; പ്രിയദർശിനി പദ്ധതിക്കെതിരെ കാസർകോട് പ്രതിഷേധം

കാസർകോട്: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ കനത്ത പൂട്ടിലേക്ക് നയിക്കുന്നു.
പദ്ധതി തുടങ്ങിയതോടെ വരുമാനം കുത്തനെ ഇടിഞ്ഞതായി കാസർകോട്ടെ സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കുന്നു. നഷ്ടം സഹിക്കാനാവാതെ ജില്ലയിലെ 10 ബസുകൾ ഇതിനകം തന്നെ സർവീസ് നിർത്തിവെക്കുന്നതിനുള്ള ‘ജി-ഫോം’ ആർ.ടി.ഒ.യ്ക്ക് കൈമാറിക്കഴിഞ്ഞു.
ത്രൈമാസ നികുതി അടയ്ക്കാനുള്ള കാലാവധി ഈ മാസം 30-ന് അവസാനിക്കുകയാണ്. ഇത് കഴിഞ്ഞാൽ ബസുകൾ നിരത്തിലിറക്കില്ലെന്ന നിലപാടിലാണ് ഉടമകൾ.
ജില്ലയിൽ സർവീസ് നടത്തുന്ന ആകെ 480 ബസുകളിൽ 70 ശതമാനവും വരും ദിവസങ്ങളിൽ കട്ടപ്പുറത്താകുമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നൽകുന്ന മുന്നറിയിപ്പ്.
‘ഞങ്ങളിതെങ്ങനെ ഓടിക്കാനാണ്?’ എന്ന ചോദ്യവുമായി ബസ് ഉടമകൾ കൂട്ടത്തോടെ ജി-ഫോം നൽകുമ്പോൾ വരും ദിവസങ്ങളിൽ വടക്കൻ മലബാറിൽ കനത്ത യാത്രാക്ലേശം ഉണ്ടായേക്കുമെന്നാണ് സൂചന.





