Kozhikode

നിപയും കോവിഡ് ഒക്കെ സർക്കാർ നോക്കിയല്ല വരുന്നത്, രോഗബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ല’ – കെ കെ ശൈലജ

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, രോഗബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ അതീവ ശ്രദ്ധ പുലർത്തണമെന്നും മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.

ഇപ്പോൾ കൃത്യമായ പ്രോട്ടോകോളുണ്ട്. ഒരു കേസ് വരുമ്പോൾ തന്നെ പ്രതിരോധിക്കാൻ ആരോഗ്യ രംഗം സജ്ജമാണെന്നും കെ കെ ശൈലജ പറഞ്ഞു.പകർച്ച ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയും. കൃത്യ വിലോപം കാണിക്കാതെ ജാഗ്രതയോടെ നേരിടണം. നിപയും കോവിഡ് ഒക്കെ സർക്കാർ നോക്കിയല്ല വരുന്നതെന്ന് കെകെ ശൈലജ പറഞ്ഞു.കക്ഷി രാഷ്ട്രീയം നോക്കാതെ കൂട്ടായി പ്രതിരോധം തീർക്കണം. കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കണം. പ്രതിരോധ മരുന്ന് ഇല്ലെങ്കിൽ സ്റ്റോക്ക് ചെയ്യണം. മുൻ കരുതൽ ഉണ്ടായാലേ കാര്യമുള്ളൂ.

അന്നത്തെ കെ മുരളീധരൻ പ്രസ്താവന ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാതെ ആയിരുന്നു അന്നത്തെ പ്രതികരണങ്ങളെന്നും കെ കെ ശൈലജ പറഞ്ഞു. പൂനെയിലേക്ക് സാമ്പിൾ അയക്കുന്നത് കേന്ദ്ര പ്രോട്ടോകോൾ പ്രകാരം ആണ്. കടുത്ത സാഹചര്യം നേരിടുമ്പോൾ വീഴ്ച്ച ഉണ്ടെങ്കിൽ വിമർശിക്കണം. അല്ലാതെ നല്ലത് ചെയ്യുമ്പോൾ അങ്ങനെ കളിയാക്കരുതെന്ന് കെകെ ശൈലജ കൂട്ടിച്ചേർത്തു.

അതേസമയം നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒറ്റക്കെട്ടായി പൊരുതാമെന്ന ആഹ്വാനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബിയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തുനിൽക്കാതെ, നിലവിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്ന് മുൻ മന്ത്രി പറഞ്ഞു.

രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ കേരളം ശാസ്ത്രീയമായി രൂപപ്പെടുത്തിയ ചികിത്സാ പ്രോട്ടോക്കോളും പ്രതിരോധ ഗൈഡ്‌ലൈനുകളും കൈവശമുണ്ടെന്നും, പ്രതിസന്ധികളിൽ ജനങ്ങളെ ചേർത്തുപിടിച്ച് ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് എൽഡിഎഫ് സമീപനമെന്നും അവർ വ്യക്തമാക്കി.

നിപ പശ്ചാത്തലത്തിൽ, കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ഇന്നത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടത്തിയ പഴയൊരു പ്രസംഗം പലരും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വീണ ജോർജ് പോസ്റ്റിൽ പരാമർശിച്ചു. എന്നാൽ ഇതിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് മുതിരുന്നില്ലെന്നും ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ എന്നും പറഞ്ഞ അവർ, പകർച്ചവ്യാധിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ചു.

Related Articles

Back to top button