മേജർ രവിക്ക് ‘പിണറായി’ ഓഫീസിന്റെ മറുപടി; ഇന്നസെന്റിന്റെ സംസ്കാരച്ചടങ്ങിലെ 55 വണ്ടി വിവാദം വ്യാജമെന്ന് വിശദീകരണം

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് രംഗത്ത്.
അന്തരിച്ച നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പോലീസുകാരുടെയും അകമ്പടിയോടെയായിരുന്നു എന്ന ബി.ജെ.പി നേതാവും സംവിധായകനുമായ മേജർ രവിയുടെ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് ഓഫീസ് വ്യക്തമാക്കി.
ഇതോടൊപ്പം ചില പ്രൊഫൈലുകൾ ഇതേക്കുറിച്ച് വ്യാജ വീഡിയോകൾ നിർമ്മിച്ച് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അന്ന് മാധ്യമങ്ങൾ തത്സമയം പുറത്തുവിട്ട യഥാർത്ഥ ദൃശ്യങ്ങൾ പരിശോധിച്ചാൽ തന്നെ ഈ കള്ളപ്രചാരണം ആർക്കും മനസ്സിലാകുമെന്നും ഓഫീസ് കൂട്ടിച്ചേർത്തു.
മേജർ രവിയെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരാൾ ഇത്തരം വിലകുറഞ്ഞ വ്യാജപ്രചാരണം നടത്തുന്നത് അപലപനീയമാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.നേരത്തെ, മുഖ്യമന്ത്രി വി ഡി സതീശനെ പ്രശംസിച്ചും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുമാണ് മേജർ രവി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ വിഡി സതീശൻ പങ്കെടുക്കാൻ എത്തിയപ്പോൾ, ഷോളിടാൻ വന്ന ആളെ തടഞ്ഞതും ഓൺലൈൻ മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ മുന്നിട്ട് നിന്നതുമടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ് പ്രശംസ.
മറ്റുള്ളവര്‍ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയിട്ടുണ്ടെങ്കില്‍ നിങ്ങളവരുടെ വേലക്കാരാണെന്നും അതാണ് വി ഡി സതീശൻ കാണിക്കുന്നതെന്നും മേജർ രവി പറഞ്ഞു. “രണ്ട് മുഖ്യമന്ത്രിമാരുടെ വ്യത്യാസമാണ് നമ്മൾ കണ്ടത്.ഒന്ന് കാരണഭൂതൻ എന്ന പാട്ടും പാടിച്ച് നടക്കുന്നൊരു മുഖ്യമന്ത്രി. ഞാനാണ് വലുതെന്ന ചിന്തയില്‍. ഇപ്പുറത്ത് ഒരു വണ്ടിയും കൊണ്ടാണ് ഇന്നലെ സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്താന്‍ വന്നത്.
ഇന്നസെന്റ് ചേട്ടന് മരിച്ച സമയത്ത് പഴയ മുഖ്യമന്ത്രി 56 വണ്ടിയും 560 പൊലീസും പത്ത് ഫയര്‍ ഫോഴ്സും കൂടിയാണ് ആ ഇടവഴിയിലൂടെ പോയത്. നാട്ടുകാര്‍ക്ക് എന്തുമാത്രം ബുദ്ധിമുട്ടുണ്ടായി.
ഞാനൊരു മുഖ്യമന്ത്രി ആണങ്കില്‍ 56 വണ്ടിയും 560 പൊലീസ് സംരക്ഷണവും വേണമെങ്കില്‍ ജനങ്ങള്‍ക്ക് എന്നെ വേണ്ട എന്നതല്ലേ. എന്നെ കൊല്ലാന്‍ നടക്കുന്നു എന്നതല്ലേ. പിന്നെ ആ സ്ഥാനത്ത് ഇരിക്കരുത്.ഇപ്പോഴവരിരുന്ന് നിരങ്ങി കൊണ്ടിരിക്കുകയാണ്. അവര്‍ തോറ്റെന്ന് ഇപ്പോഴെങ്കിലും അവരെ പറഞ്ഞ് മനസിലാക്കൂ.പൊങ്ങച്ചം കാണിക്കതുതെന്ന് പറയണം. മറ്റുള്ളവര്‍ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയിട്ടുണ്ടെങ്കില്‍ നിങ്ങളവരുടെ വേലക്കാരാണ്.
അതാണ് വിഡി സതീശന് എന്ന മുഖ്യമന്ത്രി കാണിക്കുന്നത്. അദ്ദേഹം മുന്നോട്ടും അത് കൊണ്ടുപോകണം. ഉമ്മാക്കി എന്ന ഭാഷയൊക്കെ പാര്‍ലമെന്ററി ഭാഷയല്ല. വിരട്ടല്‍ ഇങ്ങോട്ട് എടുക്കണ്ട എന്ന് പറയുന്നു.
ഒരു മുഖ്യമന്ത്രിയാണോ ഗുണ്ടാ ഭാഷയൊക്കെ ഉപയോഗിക്കുന്നത്. അതൊക്കെ മാറി ഇപ്പോള്‍. നല്ലൊരു മുഖ്യമന്ത്രിയാണ് വിഡി സതീശന്. ആ ചിരിച്ച മുഖത്തോട് കൂടി, നല്ല രീതിയില്‍ പോകട്ടെ എന്ന ആഗ്രഹമാണ് എനിക്കുള്ളത്”, എന്നായിരുന്നു മേജർ രവിയുടെ വാക്കുകൾ. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മേജര്‍ രവി.




