
ലഖ്നൗ : കൊടുംക്രൂരത … യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് ദളിത് പെൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച ശേഷമാണ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ദേവരിയ ജില്ലയിലെ മിശ്രൗലി ഗ്രാമത്തിൽ മെയ് 31നാണ് ക്രൂരമായ സംഭവം നടന്നത്. പതിനാലുകാരിയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഗ്രാമത്തിലെ ഒരു പലചരക്ക് കടയിൽ നിന്ന് സാധനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജാതീയമായി ആക്ഷേപിക്കുകയും തുടർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് അതിക്രമം നടത്തിയ കടയുടമ ഹരീഷ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. സ്വന്തം വീടിന് മുന്നിലെ മരത്തിൽ കെട്ടിയിട്ടാണ് ഹരീഷ് പെൺകുട്ടിയെ മർദ്ദിച്ചത്.നാട്ടുകാരും കുടുംബക്കാരും നോക്കി നിൽക്കെയായിരുന്നു മർദ്ദനം. സംഭവം കണ്ടവരിലൊരാൾ ഹെൽപ് ലൈൻ നമ്പറായ 112 വഴി വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷിക്കുകയുമായിരുന്നു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.





