India

യൂണിഫോമിൽ മുട്ടുകുത്തി പ്രണയാഭ്യർത്ഥന, കൂട്ടിന് ഹെലികോപ്റ്ററും! ആർമി പൈലറ്റിന്റെ വൈറൽ പ്രൊപ്പോസലിൽ വിശദീകരണം തേടി കരസേന

Please complete the required fields.




നാസിക്: ഹെലികോപ്റ്ററിന് മുന്നിൽ വെച്ച് സൈനിക യൂണിഫോമിൽ കാമുകിയെ പ്രൊപ്പോസ് ചെയ്ത ആർമി ക്യാപ്റ്റന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, ഈ റൊമാന്റിക് പ്രൊപ്പോസൽ ഇപ്പോൾ ക്യാപ്റ്റന് ചെറിയൊരു പണികൊടുത്തിരിക്കുകയാണ്.

സൈനിക അച്ചടക്കത്തിന് നിരക്കാത്ത രീതിയിൽ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ആർമി പൈലറ്റ് ഭാരത് ഭരദ്വാജിനോട് കരസേന ഇപ്പോൾ വിശദീകരണം തേടിയിട്ടുണ്ട്. യൂണിഫോമിലായിരിക്കുമ്പോൾ പാലിക്കേണ്ട ഔദ്യോഗിക പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്നാണ് കരസേനയുടെ പ്രാഥമിക കണ്ടെത്തൽ.

നാസിക്കിലെ കോംപാക്ട് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിലെ പാസിങ് ഔട്ട് പരേഡ് ദിവസമായിരുന്നു സിനിമയെ വെല്ലുന്ന ഈ പ്രൊപ്പോസൽ നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും നോക്കിനിൽക്കെ, സൈനിക യൂണിഫോം ധരിച്ച ക്യാപ്റ്റൻ ഭാരത് ഭരദ്വാജ് ഹെലികോപ്റ്ററിന് മുന്നിൽ വെച്ച് തന്റെ പെൺസുഹൃത്തിന്റെ മുന്നിൽ മുട്ടുകുത്തി നിന്ന് മോതിരം നീട്ടുകയായിരുന്നു.

വിവാഹാഭ്യർത്ഥന നടത്തിയതിലല്ല, മറിച്ച് അതിനായി തിരഞ്ഞെടുത്ത സ്ഥലവും സമയവുമാണ് സൈന്യത്തെ ചൊടിപ്പിച്ചത്. എങ്കിലും യുവ സൈനിക ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക നടപടികൾ ഉണ്ടായേക്കില്ലെന്നും വിശദീകരണം ചോദിക്കുന്നതിൽ നടപടി ഒതുങ്ങിയേക്കുമെന്നുമാണ് സൂചന.

അതേസമയം, ഇൻസ്റ്റാഗ്രാമിലും എക്സിലും (ട്വിറ്റർ) ഈ വീഡിയോ വലിയ രീതിയിൽ ചർച്ചയായതോടെ ക്യാപ്റ്റന് പിന്തുണയുമായി മുൻ സൈനിക ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. തികച്ചും വ്യക്തിപരവും സ്നേഹനിർഭരവുമായ ഒരു നിമിഷത്തെ വെറുതെ വിവാദമാക്കുകയാണെന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ കൻവാൾ ജീത് സിംഗ് ധില്ലൺ പ്രതികരിച്ചു.

“രാജ്യത്തോടുള്ള സ്നേഹത്തെ മുൻനിർത്തി സ്വന്തം ജീവൻ വരെ ബലിനൽകാൻ തയ്യാറാകുന്ന ഒരു യുവ ഉദ്യോഗസ്ഥന്, തന്റെ പ്രതിശ്രുത വധുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അനുവാദം നൽകില്ലേ? യുവാക്കൾ ഇത് ചെയ്തില്ലെങ്കിൽ പിന്നെ ആരാണ് ചെയ്യുക” എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.

നെറ്റിസൺസും ക്യാപ്റ്റന് പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്.

Related Articles

Back to top button