Thiruvananthapuram

ഏഴ് വാരിയെല്ലുകൾ തകർത്തു, ലൈറ്റർ വെച്ച് ജനനേന്ദ്രിയത്തിൽ പൊള്ളിച്ചു, ഒന്നര വയസ്സുകാരനെ രണ്ടാനച്ഛന്‍ കൊന്നത് നെഞ്ചില്‍ ചവിട്ടിയെന്ന് കണ്ടെത്തല്‍

Please complete the required fields.




തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛന്‍ കൊന്നത് നെഞ്ചില്‍ ചവിട്ടിയെന്ന് കണ്ടെത്തല്‍. രണ്ടാനച്ഛന്‍ അഷ്‌കറിന്റെ ചവിട്ടേറ്റ് കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകള്‍ തകര്‍ന്നു.

കുഞ്ഞിന്റെ വാരിയെല്ലുകള്‍ തകര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റു. തലയ്ക്കുള്ളില്‍ അഞ്ചിടത്ത് നീര്‍ക്കെട്ടും രക്തസ്രാവവും കണ്ടെത്തി. കുഞ്ഞു ശരീരത്തില്‍ 91 മുറിവുകള്‍ കണ്ടെത്തിയെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അഷ്‌കര്‍ നെഞ്ചില്‍ ആഞ്ഞു ചവിട്ടിയതാണ് വാരില്ലെുകള്‍ക്കു ക്ഷതമേല്‍ക്കാന്‍ കാരണം. സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ജനനേന്ദ്രിയത്തിലും വലതു കാല്‍പാദത്തിന്റെ അടിഭാഗത്തും അഗ്രഭാഗത്തും പൊള്ളലേല്‍പ്പിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്‌കറും തമ്മിലുള്ള ബന്ധത്തില്‍ കുഞ്ഞ് ബാധ്യതയായെന്നും അതാണു കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കാന്‍ കാരണമെന്നുമാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തില്‍ അമ്മ അഖിലയ്ക്ക് എതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ തല ഭിത്തിയില്‍ ഇടിപ്പിച്ചുവെന്നും ഇതോടെ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും പ്രതി നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിനെ പൊളളല്‍ ഏല്‍പ്പിക്കാന്‍ ഉപയോഗിച്ച ലൈറ്റര്‍ പൊലീസ് തെളിവെടുപ്പിനിടെ വീട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.
കേസില്‍ ഒന്നാം പ്രതി എ.അഷ്‌കറിനെതിരെ പട്ടികജാതി അതിക്രമ നിരോധന വകുപ്പ് കൂടി ചുമത്തും. കുഞ്ഞിന്റെ പിതാവ് പരേതനായ എസ്.അഖിലും, മാതാവും കേസിലെ രണ്ടാം പ്രതിയുമായ അഖില ചന്ദ്രനും പട്ടിക ജാതിക്കാരായതിനാല്‍ ഈ വകുപ്പ് കൂടി ചുമത്താന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു.രക്ഷിതാക്കളുടെ ജാതി സര്‍ട്ടിഫിക്കറ്റിനായി തഹസില്‍ദാര്‍ക്ക് കത്ത് നല്‍കി. കൊലപാതകം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവയ്ക്കു പുറമേ എസ്‌സി, എസ്ടി വകുപ്പ് കൂടി ചുമത്തുന്നതോടെ അന്വേഷണം ഡിവൈഎസ്പിക്കും കേസ് എസ്‌സി, എസ്ടി കോടതിയിലേക്കും കൈമാറും.

അഖി എ.അഖില്‍ എന്നായിരുന്നു കുട്ടിയുടെ ആദ്യ പേരെങ്കിലും അഷ്‌കറിന്റെ നിര്‍ബന്ധ പ്രകാരമാണ് അര്‍ഷിദ് എന്നു മാറ്റിയതെന്ന് മാതാവ് പൊലീസിനു മൊഴി നല്‍കിയിരുന്നു. കേസില്‍ മാതാവ് അഖില ചന്ദ്രനെയും സുഹൃത്ത് എ.അഷ്‌കറിനെയും ഞായറാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു.

Related Articles

Back to top button