
കണ്ണൂർ: തളിപ്പറമ്പിൽ രാസ ലഹരിയുമായി യുവാവും യുവതിയും പിടിയിൽ. പട്ടുവം സ്വദേശി സ്വദേശി മുജീബ് റഹ്മാൻ (33), കർണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ (23) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 2.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
നഗരത്തിൽ സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിൽ നിന്നായി 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 13.6 കിലോ സാധാരണ കഞ്ചാവ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചേരാനല്ലൂർ സിഗ്നൽ ജങ്ഷൻ പരിസരത്ത് നിന്ന് 247 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴ എഴുപുന്ന സ്വദേശി ജീസ്മോൻ വർഗീസിനെ (24) പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് പാർസൽ മാർഗം ലഹരിമരുന്ന് കേരളത്തിലെത്തിച്ച് ചെറുകിട വിതരണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലും ഇയാൾ പ്രതിയായിരുന്നു.
ഏലൂർ മഞ്ഞുമ്മൽ ഭാഗത്ത് നിന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ ഹൃദയിനെ (18) 13.618 കിലോഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. ഇത്രയും വലിയ തുകയ്ക്കുള്ള കഞ്ചാവ് എവിടെ നിന്ന് എത്തിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





