ഒന്നാം ക്ലാസില് ചേരുന്ന ഓരോ കുട്ടിക്കും 2,000 രൂപ അക്കൗണ്ടിൽ എത്തും! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി അധ്യാപകന്

യാദ്ഗിരി : സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ പ്രവേശനം വർധിപ്പിക്കുന്നതിനായി വേറിട്ടൊരു ജനകീയ സംരംഭവുമായി കർണാടകയിലെ ഒരു സ്കൂൾ അധ്യാപകൻ. പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന ഓരോ കുട്ടിയുടെയും പേരിൽ 2,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് ഹുൻസാഗി താലൂക്കിലെ ചന്നൂർ തണ്ട ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂളിലെ അധ്യാപകനായ രമേശ് അങ്കാടിയുടെ തീരുമാനം.
തണ്ടകളിലെ (ആദിവാസി ഗ്രാമങ്ങൾ) രക്ഷിതാക്കൾ കുട്ടികളെ പ്രാദേശിക സർക്കാർ സ്കൂളിൽ ചേർക്കാനും, വിവിധ സർക്കാർ പദ്ധതികളുടെയും വിദ്യാഭ്യാസ സൗകര്യങ്ങളുടെയും പ്രയോജനം അവർക്ക് ലഭ്യമാക്കാക എന്നതാണ് പ്രധാന ഉദ്ദേശ്യം. കഴിഞ്ഞ വർഷം ഒന്നാം ക്ലാസ്സിൽ 11 കുട്ടികൾ ചേർന്നിരുന്നുവെന്നും ഈ വർഷം പദ്ധതിയിലൂടെ കൂടുതൽ പ്രവേശനം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് അങ്കാടി പറഞ്ഞു.
“എന്റെ മൂത്ത സഹോദരൻ ശിവശരണപ്പ അങ്കാടിയുടെ സ്മരണയ്ക്കായി ഓരോ പുതിയ വിദ്യാർഥിയുടെയും പേരിൽ 2,000 രൂപ നിക്ഷേപിക്കാൻ ഞാൻ തീരുമാനിച്ചു. കുട്ടികളെ പതിവായി സ്കൂളിലേക്ക് അയയ്ക്കാനും അവരുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനും മാതാപിതാക്കളെ പ്രേരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം” അദ്ദേഹം പറഞ്ഞു.സജ്ജമായ മൂന്ന് ക്ലാസ് മുറികളുള്ള ഒരു പുതിയ കെട്ടിടം അടുത്തിടെ സ്കൂളിന് ലഭിച്ചു, നിലവിൽ രണ്ട് അധ്യാപകരുണ്ട്. സൗകര്യങ്ങൾക്ക് പുറമേ, എല്ലാ ദിവസവും ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവ സ്കൂളിൽ വിദ്യാർഥികൾക്ക് നൽകുന്നുണ്ടെന്ന് ഹെഡ്മാസ്റ്റർ ബസപ്പ പറഞ്ഞു.
“പ്രവേശന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു, അധ്യാപകന്റെ ഈ സംരംഭം തീർച്ചയായും വിദ്യാർഥികളുടെ പ്രവേശനവും സ്കൂളിലെ വിദ്യാഭ്യാസ പുരോഗതിയും മെച്ചപ്പെടുത്താൻ സഹായിക്കും,” പ്രധാനാധ്യാപകൻ പറഞ്ഞു.സംരംഭത്തിന് പ്രദേശവാസികളിൽ നിന്നും സ്കൂൾ വികസന സമിതി അംഗങ്ങളിൽ നിന്നും വലിയ പിന്തുണ ലഭിച്ചു. വ്യക്തിപരമായ സംഭാവനകളിലൂടെ അധ്യാപകൻ വിദ്യാർഥികളെ നിരന്തരം പിന്തുണയ്ക്കുന്നുണ്ടെന്ന് എസ്ഡിഎംസി പ്രസിഡന്റ് കൃഷ്ണനായക് പറഞ്ഞു.
“കഴിഞ്ഞ വർഷവും രമേശ് അങ്കാടി സ്വന്തം പോക്കറ്റിൽ നിന്ന് എല്ലാ വിദ്യാർഥികൾക്കും സ്പോർട്സ് യൂണിഫോമുകൾ നൽകി. കുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള അദ്ദേഹത്തിന്റെ താത്പര്യം ശരിക്കും പ്രശംസനീയമാണ്,” അദ്ദേഹം പറഞ്ഞു.





