India

പ്രണയാഭ്യർഥന നിരസിച്ച യുവതിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു, പ്രതിക്കായി അന്വേഷണം ഊർജിതം

Please complete the required fields.




കോയമ്പത്തൂർ: പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിനുനേരെ പെട്രോൾ ബോംബ് ആക്രമണം. കോയമ്പത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രതിയായ കാർത്തിക് എന്ന മാരിയപ്പനും കൂട്ടാളികൾക്കും വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.

കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളജിൽ പഠിക്കുന്നതിനിടെയാണ് യുവതി കാർത്തിക്കുമായി പരിചയത്തിലാകുന്നത്. എന്നാൽ, ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് മനസിലാക്കിയ യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതിനുശേഷം കാർത്തിക് യുവതിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം രണ്ട് ബൈക്കുകളിലായി എത്തിയ കാർത്തിക്കും സംഘവും യുവതിയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടിനു പുറത്തുനിന്ന യുവതിയുടെ പിതാവിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത ശേഷമാണ് ഇവർ പെട്രോൾ നിറച്ച കുപ്പികൾ വീടിനുള്ളിലേക്ക് എറിഞ്ഞത്.

ആക്രമണത്തിൽ വീടിന്റെ പോർട്ടിക്കോയിൽ ഉണ്ടായിരുന്ന ഷൂ റാക്കും മറ്റ് ഗൃഹോപകരണങ്ങളും കത്തിനശിച്ചു. മുന്നിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന്റെ മുൻഭാഗത്തും തീപിടിച്ചു. വീട്ടിലുള്ളവർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതികൾ ഇന്ധനം വാങ്ങുന്നതും ബോംബെറിയുന്നതും വ്യക്തമായിട്ടുണ്ട്. യുവതിയുടെ പിതാവിന്റെ പരാതിയിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാനത്തൊട്ടാകെ 31ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കാർത്തിക്കിനെയും കൂട്ടുപ്രതികളെയും പിടികൂടാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button