India

എന്നെ വിടണം, മക്കൾ കാത്തിരിക്കും.. കെഞ്ചിപ്പറഞ്ഞിട്ടും വിട്ടില്ല’; ബസിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതി

Please complete the required fields.




ന്യൂഡൽഹി: ഡൽഹിയിൽ സ്വകാര്യ ബസിനുള്ളിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.മക്കളുടെ അരികിലേക്ക് വേഗത്തിലെത്താൻ ആഗ്രഹിച്ച മുപ്പതുകാരിയാണ് ഡൽഹിയിലെ പീതാംപുരയിൽ അതിക്രൂരമായ കൂട്ടബലാത്സംഗം നേരിടേണ്ടി വന്നത്. അർധരാത്രിയിൽ സ്വകാര്യ ബസിനുള്ളിൽ വച്ചു യുവതിയെ രണ്ടുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്.

സമയം ചോദിച്ചെത്തിയ യുവതിയെ ബസിനുള്ളിലേക്ക് ബലം പ്രയോഗിച്ച് കയറ്റി ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.സുൽത്താൻപുരിയിലുള്ള സഹോദരന്റെ വീട്ടിൽ നിന്നും രാത്രി വൈകി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഔട്ടർ റിങ് റോഡിലെ സരസ്വതി വിഹാറിലേക്ക് ഓട്ടോയിലാണ് ഇവർ എത്തിയത്.

‘‘ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് ഒരു സ്വകാര്യ ബസ് അവിടെ എത്തിയത്. ഉള്ളിലുണ്ടായിരുന്ന ഒരാളോട് സമയം എത്രയായെന്ന് ചോദിച്ചു. അകത്തേക്ക് വന്ന് സംസാരിക്കാനാണ് അയാൾ പറഞ്ഞത്. അതുകൊണ്ട് ഞാൻ ബസിൽ കയറി’’ – യുവതി പൊലീസിനോട് പറഞ്ഞു.

യുവതി ബസിൽ കയറിയ ഉടൻ വാഹനം മുന്നോട്ട് എടുത്തു. തുടർന്ന് ഇയാൾ യുവതിയെ ബസിന്റെ പിൻഭാഗത്തേക്ക് തള്ളിമാറ്റുകയും ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. മക്കൾ കാത്തിരിക്കുകയാണെന്ന് കെഞ്ചിപ്പറഞ്ഞിട്ടും വിട്ടില്ല. പ്രതികളോട് തന്നെ വിട്ടയക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചതായും യുവതി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

‘‘നിങ്ങൾക്കെതിരെ ഒരു പരാതിയും നൽകില്ല, എന്നെ വിടണം, എന്റെ മൂന്ന് മക്കൾ വീട്ടിൽ കാത്തിരിക്കുകയാണെന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ ബസ് നങ്‌ലോയ് റെയിൽവേ സ്റ്റേഷനു സമീപം എത്തിയപ്പോൾ ബസ് അവിടെ പാർക്ക് ചെയ്തു.

തുടർന്ന് ബസിന്റെ ഡ്രൈവറും ബലാത്സംഗം ചെയ്യുകയായിരുന്നു’’ – യുവതി പറഞ്ഞു. പീഡനത്തിനുശേഷവും പൊലീസിൽ പരാതിപ്പെടില്ലെന്ന് ആവർത്തിച്ച് കെഞ്ചിയതിനെത്തുടർന്നാണു പ്രതികൾ യുവതിയെ ഇറക്കിവിട്ടത്. തുടർന്ന് യുവതി തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.ബസ് ജീവനക്കാരായ ഉമേഷ് കുമാർ, രാമേന്ദ്ര കുമാർ എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവസ്ഥലത്ത് പൊലീസ് എത്തുമ്പോഴേക്കും രാമേന്ദ്ര കുമാർ രക്ഷപ്പെട്ടിരുന്നു.

എന്നാൽ ഉമേഷിനെ പൊലീസ് അവിടെവച്ച് തന്നെ പിടികൂടി. രക്തസ്രാവമുണ്ടായ യുവതിയെ പൊലീസ് പീതാംപുരയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർമാർ ഇവരെ അഡ്മിറ്റ് ചെയ്യാൻ നിർദേശിച്ചെങ്കിലും യുവതി അതിന് തയാറായില്ല. ഭർത്താവിനു സുഖമില്ലെന്നും വീട്ടിൽ നാലും ആറും ഒൻപതും വയസ്സുള്ള മൂന്ന് പെൺമക്കൾ തന്നെയും കാത്ത് തനിച്ചിരിക്കുകയാണെന്നും യുവതി പറഞ്ഞു

Related Articles

Back to top button