ഇന്ധനവില വർദ്ധനവ് ജനങ്ങളോടുള്ള കൊടിയ ദ്രോഹം; കേന്ദ്രം തീരുമാനം പിൻവലിക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് പിണറായി വിജയൻ. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കിയാണ് വില വർദ്ധിപ്പിച്ചത്. പാചകവാതക ക്ഷാമവും വിലവർദ്ധനവും കാരണം ഇതിനകം തന്നെ ജനജീവിതം ദുരിതത്തിലാണ്. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന ഈ അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം.
ഇന്ധനവില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കൂട്ടുമെന്നും ഇതിന്റെ ദുരിതം അനുഭവിക്കുക തൊഴിലാളികളും സാധാരണക്കാരുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വില വർദ്ധനവിന് പിന്നിൽ:പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് രാജ്യത്തെ വിലവർദ്ധനവിന് കാരണമായി പറയുന്നത്.





