നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ഇരമ്പുന്നു; എജീസ് ഓഫീസിലേക്ക് SFI മാർച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ഇരമ്പുന്നു. തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. ബാരിക്കേഡ് മറികടന്നെത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ക്രമക്കേടിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐ നിലപാട്. വിദ്യാർഥികളുടെ ജീവിതം വെച്ച് കേന്ദ്രസർക്കാർ കളിക്കുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു.
പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളലിൽ ഒരു പൊലീസുകാരൻ പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധിക്കാനെത്തിയ വിദ്യാർഥികളിൽ ഒരാളെ പൊലീസ് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. വിദ്യാർഥിയെ തിരിച്ചിറക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് SFI വ്യക്തമാക്കി. സ്റ്റേഷന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലടക്കം പ്രതിഷേധം കണക്കിലെടുത്ത് നിരോധജ്ഞാന പുറപ്പെടുവിച്ചിരിക്കുകയാണ്.കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന് ഹാരിസ് ബീരാൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കേന്ദ്രസർക്കാരിന്റെ കഴിവുകേട് വ്യക്തമായെന്ന് കത്തിൽ ആരോപിച്ചു.
അതേസമയം, നീറ്റ് പരീക്ഷ ക്രമക്കേടിൽ കേസ് സിബിഐ ഏറ്റെടുത്തു. മെയ് 3-ന് നടന്ന നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇതോടെ 22 ലക്ഷത്തോളം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതണം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. നടന്നത് വൻ ക്രമക്കേടെന്ന് കണ്ടെത്തൽ. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണ്. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന,രാജസ്ഥാൻ,ഡൽഹി ,ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും, സ്വപ്നങ്ങളെയും ബിജെപി തകർത്തെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.





