പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: ഓമല്ലൂരിൽ മൂന്നു വയസ്സുകാരി അടക്കം നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ ലാബിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. മൂന്നു വയസ്സുകാരിയുടെ കണ്ണിലാണ് കടിയേറ്റത്. ഇന്നലെയായിരുന്നു തെരുവുനായ ആക്രമണം. നാട്ടുകാരാണ് നായയെ തല്ലിക്കൊന്നു സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.
തിങ്കളാഴ്ച രാവിലെ ഓമല്ലൂർ പുത്തൻപീടികയിൽ നിന്നാണ് നായ ആക്രമണം തുടങ്ങിയത്. രാവിലെ നടക്കാൻ ഇറങ്ങിയവർക്ക് അടക്കം കടിയേറ്റു. പൈവള്ളി ഭാഗത്തേക്ക് എത്തിയ നായ ചരുവിൽ പ്രതിഭയുടെ മൂന്നു വയസുകാരി മകളെ മാരകമായി ഉപദ്രവിച്ചിരുന്നു. കുട്ടിയുടെ കണ്ണിനും മുഖത്തും മാരകമായി പരിക്കേറ്റു.
ഓമല്ലൂർ പുത്തൻപീടിക പള്ളി വികാരി, വലിയ വീട്ടിൽ തെക്കേതിൽ വിമല, കൊട്ടാരത്തിൽ രാജൻ എന്നിവർക്കും പരിക്കേറ്റു. സുകന്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പത്തനംത്തിട്ട ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു




