Thiruvananthapuram

സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ; അന്തിമ തീരുമാനം അവലോകനയോഗത്തിൽ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോളേജുകൾ അടക്കുന്നതും പരിഗണിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ അവലോകന യോഗത്തിൽ എടുക്കും. യോഗത്തിന്റെ അജൻഡയിൽ കോളേജ് അടക്കൽ കൂടി ഉൾപെടുത്തിയിട്ടുണ്ട്. 

മറ്റന്നാൾ വൈകീട്ട് അഞ്ചിനാണ് കൊവിഡ് അവലോകനയോഗം. അമേരിക്കയിൽ ചികിത്സയിൽ ഉള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും. രാത്രി കാല കർഫ്യുവും വന്നേക്കാം. 

ഒന്നും രണ്ടും ഘട്ടത്തെക്കാൾ അതിതീവ്രമായ കൊവിഡ് വ്യാപനമാണ് കേരളം നേരിടുന്ന വെല്ലുവിളി. സ്കൂളുകളും കോളേജുകളും അടക്കം ക്ലസ്റ്ററുകളാകുകയാണ്. 120 ലേറെ കൊവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. എംജി കോളേജ്, ആൾ സെയിൻ്റ്സ്. മാർ ഇവാനിയോസ് അടക്കമുള്ള തലസ്ഥാനത്തെ നിരവധി കോളേജുകൾ അടച്ചു കഴിഞ്ഞു.

വെള്ളിയാഴ്ച മുതൽ 10,11,12 ക്ലാസുകൾ മാത്രമാണ് ഓഫ്ലൈനായി നടക്കുന്നത്. സ്കുളുകൾ ക്ലസ്റ്ററുകളാകുമ്പോൾ അവലോകനയോഗത്തിൽ ഇതിലും എന്തെങ്കിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്കും പൊലീസിനും വ്യാപക കൊവിഡാണ്. മെ‍ഡിക്കൽ കോളേജ് ആശുപത്രികളിൽ ഡോക്ടർമാരടക്കം നിരവധിപേർക്കാണ് കൊവിഡ്. സ്റ്റേഷനുകളുടെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന രീതിയിലാണ് സേനയിലെ രോഗവ്യാപനം. 

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ് ഏർപ്പെടുത്തുന്ന കാര്യത്തിൽ വിദഗ്ധർക്ക് രണ്ടഭിപ്രായമുണ്ട്. മാളുകളടക്കം പൊതുസ്ഥലങ്ങളിൽ ആളുകളുടെ എണ്ണം കൂടുതൽ കുറച്ചേക്കും. അതേ സമയം സമ്പൂർണ്ണ അടച്ചുപൂട്ടൽ ഉണ്ടാകില്ല. ഹോട്ടലുകളിലടക്കം കടുത്ത നിയന്ത്രണം വേണമെന്നാണ് തലസ്ഥാന ജില്ലയിൽ മന്ത്രിമാരും കലക്ടറും പങ്കെടുത്ത യോഗം സർക്കാരിനോടാവശ്യപ്പെട്ടത്. 

സംഘടനകളുടെ യോഗങ്ങൾ നടത്തരുതെന്നാണ് നിർദ്ദേശം. സിപിഎം ജില്ലാ സമ്മേളനം തീർന്നപ്പോഴാണ് മന്ത്രിമാർ പങ്കെടുത്ത യോഗം ചേർന്നത്. ജില്ലയിൽ നേരത്തെ കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും സിപിഎം ജില്ലാസമ്മേളനം നടന്നപ്പോൾ സർക്കാരോ ജില്ലാ ഭരണകൂടമോ ഒരു നടപടിയും എടുത്തിരുന്നില്ല.

തലസ്ഥാനത്തെ സ്ഥിതി അതിരൂക്ഷമാണ്. പരിശോധിക്കുന്ന രണ്ടിലൊരാൾക്കാണ് രോഗം. വിദ്യാഭ്യാസമന്ത്രി കൊവിഡ് പൊസീറ്റിവായി. പൊളിറ്റിക്കൽ സെക്രട്ടറി അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരവധിപേർക്ക് രോഗമുണ്ട്. വനം-ദേവസ്വം മന്ത്രിമാരുടെ ഓഫീസ് ഭാഗികമായി അടച്ചു. ജോലിക്കെത്തേണ്ട ജീവനക്കാരുടെ എണ്ണം അൻപത് ശതമാനമാക്കണമെന്നാണ് സർവ്വീസ് സംഘടനകളുടെ ആവശ്യം. നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളൊന്നും ആരും കൃത്യമായി പാലിക്കാത്തതിനാൽ കൂടുതൽ കടുപ്പിക്കും. രാത്രി ക‌ർഫ്യു സജീവപരിഗണനയിലുണ്ട്.

Related Articles

Leave a Reply

Back to top button