
വടകര : പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനോടുചേർന്നുള്ള നഗരസഭാ മിനി സ്റ്റേഡിയം സ്ഥലത്ത് കെട്ടിടം നിർമിക്കുന്ന വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ സ്ഥലപരിശോധന നടത്തി. സ്റ്റേഡിയം സംരക്ഷണസമിതി ഭാരവാഹികളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഹൈക്കോടതി നിയോഗിച്ച അഭിഭാഷകൻ നീരജ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് സ്ഥലത്തെത്തിയത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് അഞ്ചുമണിവരെ നീണ്ടു. മൈതാനവും സ്കൂൾ സ്ഥലവും സമീപത്തെ വയലും ഡയറ്റ് സ്ഥലവുമെല്ലാം കമ്മിഷന്റെ നേതൃത്വത്തിലുള്ള സർവേ സംഘം അളന്നുതിട്ടപ്പെടുത്തി. ഏഴ് കാര്യങ്ങൾ നിരീക്ഷിക്കാനാണ് കോടതി കമ്മിഷനോട് ആവശ്യപ്പെട്ടത്. ഇതുപ്രകാരം കമ്മിഷൻ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കും. മൈതാനം ഉൾപ്പെടുന്ന ഭാഗത്ത് കെട്ടിടം നിർമിക്കുന്നതിനെതിരേ സ്റ്റേഡിയം സംരക്ഷണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനുശേഷം കെട്ടിടനിർമാണവും നിലച്ചു.
ഇവിടെയുള്ള ഏത് നിർമാണവും അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കമ്മിഷനെ നിയോഗിച്ചത്.
സ്റ്റേഡിയം സംരക്ഷണസമിതിക്കുവേണ്ടി സുകുമാരൻ പുറന്തോടത്ത്, എടയത്ത് ശ്രീധരൻ, കെ.ടി.കെ. അജിത്ത്, അനിൽ കാഞ്ഞിരമുള്ളതിൽ, എൻ.എം. അഖിൽ, അക്ഷയ് സദാനന്ദൻ, സുനന്ദ്, കെ.കെ. ബാബുരാജ് എന്നിവരും സ്കൂൾ അധികൃതരും പി.ടി.എ. പ്രസിഡന്റ് അബ്ദുൾ ലത്തീഫ് ഉൾപ്പടെയുള്ളവരും കമ്മിഷൻ മുൻപാകെ വിവരങ്ങൾ നൽകി.





