Idukki

സഹോദരനെ മർദ്ദിച്ച് കഴുത്തിൽ തോർത്ത് മുറുക്കി, അമ്മയെ കയ്യിൽ പിടിച്ച് കറക്കി ഭിത്തിയിലെറിഞ്ഞു; ഇരട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്

Please complete the required fields.




ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതി സജിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സഹോദരൻ റെജിയെ കൊന്നത് മർദിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയുമാണ്. അമ്മ മേരിക്കുട്ടിയെ മുഖത്തിടിച്ചും കയ്യിൽ പിടിച്ച് കറക്കി ഭിത്തിയിലേക്കെറിഞ്ഞും കൊലപ്പെടുത്തി എന്നും പ്രതി വെളിപ്പെടുത്തി. ഏപ്രിൽ നാലാം തീയതി രാത്രിയാണ് കൊലപാതകം നടന്നതെന്നും മൊഴിയിലുണ്ട്.

മൃതദേഹങ്ങൾ രണ്ടു ദിവസം വീടിനു പുറത്ത് ഗ്രീൻ നെറ്റിൽ പൊതിഞ്ഞു വച്ചു. മൂന്നാം ദിവസം അർധ രാത്രിക്ക് ശേഷമാണ് കുഴിച്ചിട്ടത്. കഴിഞ്ഞ ദിവസം പിടിയിലായ സജി ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ തന്നെ കുറ്റം സമ്മതിച്ചിരുന്നു. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. പിടികൂടുമ്പോൾ അവശനിലയിലായിരുന്നു.

ഈ മാസം രണ്ട് മുതൽ മേരിക്കുട്ടിയെയും മകൻ റെജിയെയും കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. പരാതി പ്രകാരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടത്തിയിരുന്നു. അന്വേഷണത്തിൽ തന്നെ പൊലീസിന് ദുരൂഹത തോന്നിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യനോട് സാമ്യം തോന്നുന്ന ശരീരഭാഗങ്ങൾ വീടിൻ്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. കാൽ ഉൾപ്പടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.

പ്രാഥമിക അന്വേഷണത്തിന് പൊലീസ് വീട്ടിലെത്തിയപ്പോൾ സജി അവിടെ ഉണ്ടായിരുന്നു. എന്നാൽ ചോദ്യങ്ങൾക്കുള്ള അയാളുടെ മറുപടിയിൽ പൊലീസിന് സംശയം തോന്നി. വൈകിട്ട് വീണ്ടും പൊലീസ് വീട്ടിലെത്തിയപ്പോൾ സജി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ ആണ് വീടിന് സമീപത്തെ പറമ്പിൽ നിന്നും സജിയെ പൊലീസ് പിടികൂടിയത്. അതേസമയം പിതാവിൻ്റെ തിരോധാനവും അന്വേഷിക്കണമെന്ന ആവശ്യവുമായി സജിയുടെ സഹോദരി സിനി രംഗത്തെത്തിരുന്നു.

Related Articles

Back to top button