
കോഴിക്കോട് : നഗരത്തിലെ തിരക്കേറിയ പുതിയ ബസ്സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനായി മേയറുടെ മിന്നൽപ്പരിശോധന. തിങ്കളാഴ്ച ഉച്ചയോടെയാണ് മേയറും സംഘവും പുതിയ ബസ് സ്റ്റാൻഡിലെത്തിയത്. കൊടും വേനലിൽ യാത്രക്കാർക്കായി കുടിവെള്ള സൗകര്യമുണ്ടോയെന്നാണ് ആദ്യം പരിശോധിച്ചത്.
ആളുകൾ നടന്നുപോകുന്നവഴികൾ കൈയേറി കച്ചവടക്കാർ സാധനങ്ങൾ വെച്ചതും അദ്ദേഹം പരിശോധിച്ചു. ചുമട്ടുതൊഴിലാളികളുമായി അവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്തു. സ്റ്റാൻഡിലെ മാലിന്യം നീക്കംചെയ്യാനായി ശുചീകരണത്തൊഴിലാളികളെ ഏർപ്പെടുത്തുമെന്നും യാത്രക്കാർക്കായി കുടിവെള്ളസൗകര്യമൊരുക്കുമെന്നും പരിശോധനയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മാതൃഭൂമി വാർത്തനൽകിയിരുന്നു.കച്ചവടക്കാർ കൈയേറിയിട്ടുള്ളഭാഗം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു. കൈയേറ്റക്കാർക്ക് ആദ്യഘട്ടത്തിൽ വാക്കാൽ മുന്നറിയിപ്പ് നൽകുകയും പിന്നീട് നിയമപരമായിനടപടി സ്വീകരിക്കുകയും ചെയ്യും.
കഴിഞ്ഞദിവസം ശ്രദ്ധയിൽപ്പെട്ട ഇരിപ്പിടത്തിന്റെ പ്രശ്നം പരിഹരിച്ചെങ്കിലും ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്നവർക്കുകൂടി ഇരിപ്പിടസൗകര്യം വരും ദിവസങ്ങളിൽ ഒരുക്കും. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ ഇത്തരംപ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതിയുടെ തുടക്കമാണ് ഈ പരിശോധനയെന്നും അതേസമയം തെരുവുകച്ചവടക്കാരുടെ പ്രശ്നങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, സ്ഥിരംസമിതി അധ്യക്ഷരായ വി.പി. മനോജ്, സുജാത കൂടത്തിങ്കൽ, സി. സന്ദേശ്, ജോയിന്റ് കോർപ്പറേഷൻ സെക്രട്ടറി പി. സോമശേഖരൻ, ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ തുടങ്ങിയവരും മേയർക്കൊപ്പമുണ്ടായിരുന്നു.





