
പയ്യോളി : പുഴയും കരയും ഒരുപോലെ സംരക്ഷിക്കുകയും പ്രകൃതിയിൽ മനോഹരദൃശ്യം സൃഷ്ടിക്കുകയുംചെയ്യുന്ന കണ്ടൽച്ചെടികളെ തൊട്ടറിഞ്ഞുള്ള യാത്ര ശ്രദ്ധേയമായി. ‘കാക്കാം കണ്ടലിനെ’ എന്ന പേരിലുള്ള ജനകീയക്കൂട്ടായ്മ, നിയം ഫൗണ്ടേഷൻ, പരിസ്ഥിതി പയ്യോളി, സോഷ്യൽ ഫോറസ്ട്രി, പയ്യോളി നഗരസഭാ ഹരിതകർമസേന, വടകര കോസ്റ്റൽ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് കണ്ടൽവനയാത്ര നടത്തിയത്.മൂരാട്-ഇരിങ്ങൽ പുഴയോരത്തെ പാച്ചാക്കലിൽ നിന്നാണ് ഒന്നരക്കിലോമീറ്റർ യാത്ര നടത്തിയത്. ശുചീകരണം, കണ്ടൽ സംരക്ഷണ പ്രതിജ്ഞ, കണ്ടൽ പഠനം, പ്രശ്നവിശകലനം, പരിഹാര നിർദേശങ്ങൾ, തൈനടൽ എന്നിവ യാത്രയിൽ നടന്നു.
ഉപ്പട്ടി എന്ന കണ്ടലാണ് ഇവിടെ പ്രധാനമായും കണ്ടുവരുന്നതെന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി. ഇബ്രാഹിം പറഞ്ഞു. കൂടാതെ ഭ്രാന്തൻ കണ്ടൽ, വള്ളിക്കണ്ടൽ എന്നിവയുമുണ്ട്. ഇവയ്ക്കിടയിൽ പച്ചപ്പുമായി കണ്ണാംപൊട്ടി (കട), വയൽച്ചുള്ളി എന്നീ സസ്യങ്ങളും വ്യാപകമായി വളരുന്നുണ്ട്. കണ്ടലുകൾക്കിടയിലെ മദ്യക്കുപ്പികളും കുടിവെള്ള കുപ്പികളും മറ്റ് പ്ലാസ്റ്റിക് മാലിന്യവും പഠനസംഘം ഒഴിവാക്കി. വേലിയേറ്റമുള്ളപ്പോൾ പുഴ കൊണ്ടിടുന്ന മാലിന്യം നീക്കംചെയ്തു.
പുഴയോരത്ത് നടന്ന പരിപാടി പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനംചെയ്തു. വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. മണലിൽ മോഹനൻ കണ്ടൽ സംരക്ഷണപ്രതിജ്ഞ ചൊല്ലി. പയ്യോളി നഗരസഭാ കൗൺസിലർമാരായ രാജേഷ് കൊമ്മണത്ത്, രേവതി തുളസി, കെ. ജയകൃഷ്ണൻ, സോഷ്യൽ ഫോറസ്ട്രി റേയ്ഞ്ച് ഓഫീസർ അഖിൽ നാരായണൻ, ഷീജാ ദേവദാസൻ, വടകര കോസ്റ്റൽ പോലീസ് ഓഫീസർ പി. പ്രബീഷ്, വിജയൻ പെരിങ്ങാട്, പപ്പൻ നരിപ്പറ്റ, ആസിഫ് കുന്നത്ത്, ശ്രീനാഥ് കാവിൽ, ഹംസ കാട്ടുകണ്ടി, മുസ്ദ്ദിഖ് പയ്യോളി, രാജൻ കൊളാവിപ്പാലം, എൻ.കെ. ശശി, കെ.പി.എ. വഹാബ്, പ്രഭുദാസ് എന്നിവർ സംസാരിച്ചു.





