
കൊയിലാണ്ടി : മഴക്കാലം തുടങ്ങുന്നതിന് മുൻപെ കൊല്ലം ജി.എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ വെള്ളക്കെട്ട് ഉയരുന്നവിഷയത്തിന് ശ്വാശതപരിഹാരം തേടുകയാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും.
1912-ൽ സ്ഥാപിതമായ സ്കൂൾ കൊല്ലം കടലോരമേഖലയിലെ പ്രശസ്തമായ വിദ്യാലയമാണ്. മഴക്കാലത്ത് സ്കൂൾ ഗ്രൗണ്ടിൽ മുട്ടറ്റം വെള്ളമുയരുന്നതാണ് ഏറ്റവും പ്രയാസപ്പെടുത്തുന്ന കാര്യം.
എൽ.പി. വിഭാഗവും എൽ.കെ.ജി.യും യു.കെ.ജി.യും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചെറിയകുട്ടികളാണ് ഇവിടെ പഠിക്കാനെത്തുക. ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാകണമെങ്കിൽ കടലിലേക്ക് വെള്ളം ഒഴുക്കിവിടാൻ കഴിയുന്നതരത്തിൽ ശാസ്ത്രീയമായ ഓവുചാൽ നിർമിക്കണം.
ഇവിടെ കടൽ ഉയർന്നിട്ടും സ്കൂൾഭാഗം താഴ്ന്നിട്ടുമാണ് ഉള്ളതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതിനനുസരിച്ചുള്ള ഓവുചാൽ സംവിധാനം വേണ്ടിവരും.
ഓവുചാലിന് ഫണ്ട് ലഭ്യമാക്കിയാൽ തന്നെ അത് സ്വകാര്യവ്യക്തികളുടെ സ്ഥലത്തുകൂടെ നിർമിക്കേണ്ടിവരുമെന്ന അവസ്ഥയുമുണ്ട്. സ്കൂൾ നിൽക്കുന്നസ്ഥലം താഴ്ചയിലായതിനാൽ എല്ലായിടത്തു നിന്നുമുള്ള മഴവെള്ളം സ്കൂൾ മുറ്റത്തേക്കാണ് ഒഴുകിയെത്തുകയെന്ന് നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.എം. നജീബ് പറഞ്ഞു.
കൊയിലാണ്ടി നഗരസഭയിലെ വാർഡ് 44-ലാണ് കൊല്ലം ജി.എൽ.പി. സ്കൂൾ ഉള്ളത്. കഴിഞ്ഞവർഷം നഗരസഭ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടത്തിന്റെ മേൽക്കൂര മുക്കാൽഭാഗം മാറ്റിയിരുന്നു. മരത്തിന്റെ കൈക്കോലും പട്ടികയും മാറ്റി ഇരുമ്പ് കൈക്കോലും പട്ടികയുമാക്കി.
ഇനി കാൽഭാഗം കൂടി മേൽക്കൂര മാറ്റാനുണ്ടെന്ന് പ്രധാന അധ്യാപിക ബി. സിന്ധു പറഞ്ഞു.
അതിന് നഗരസഭ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. 40 സെന്റ് സ്ഥലമാണ് സ്കൂളിന്റെതായി ആകെ സർക്കാർ കൈവശമുള്ളത്. കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരാൻ ഭൗതികസാഹചര്യം വർധിപ്പിക്കുക തന്നെവേണം.





