തുണി കെട്ടി മറച്ച ഐസിയു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളുടെ സുരക്ഷയിൽ ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന പുനഃസ്ഥാപിച്ചില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്.
നിലവിൽ തുണി കെട്ടി മറച്ച താൽക്കാലിക സംവിധാനത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്നത്. ഇത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവി സൂപ്രണ്ടിന് കത്ത് നൽകി. ഐസിയു ഉടൻ പ്രവർത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
മാർച്ച് 17ന് ആയിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. ഇതിനു പിന്നാലെ രോഗികളെ താൽക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഇപ്പോഴും ഈ താൽക്കാലിക ഐസിയുവിൽ തന്നെയാണ് രോഗികൾ തുടരുന്നത്. രോഗികൾക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്.



