
അരൂർ : റോഡരികിലെ വൈദ്യുത ട്രാൻസ്‌ഫോർമർ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നതായി പരാതി. തണ്ണീർപ്പന്തൽ-ഇളയടം-അരൂർ മെയിൻ റോഡിൽ ഉദയ ക്ലബ്ബിനുസമീപത്തെ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച ഇരുമ്പുപട്ടയാണ് ഭീഷണിയുയർത്തുന്നത്.
ഈ ഭാഗത്ത് റോഡ് നവീകരണപ്രവൃത്തി നടത്തിയിരുന്നു. അപ്പോൾ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളിലൊന്ന് റോഡിന്റെ കോൺക്രീറ്റുചെയ്ത ഭാഗത്തേക്കായി. ഇതോടെ ഇരുമ്പുപട്ട റോഡിലേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയാവുകയായിരുന്നു.ഇതാണ് അപകടഭീഷണി ഉയർത്തുന്നത്. ഇത്തരത്തിൽ മൂന്നുപട്ട പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ട്. തണ്ണീർപ്പന്തൽ-ഇളയടം-അരൂർ മെയിൻ റോഡിലൂടെയാണ് വടകര-അരൂർ റൂട്ടിലെ ബസുകൾ ഉൾപ്പെടെ പോകുന്നത്.
ഉദയ ക്ലബ്ബിനുസമീപത്തുനിന്നാണ് കല്ലാച്ചി-വരിക്കോളി ഭാഗത്തേക്കുപോകേണ്ട റോഡ് ആരംഭിക്കുന്നത്.ഈ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമാണ് ട്രാൻസ്‌ഫോർമർ ഭീഷണിയുയർത്തുന്നത്. ട്രാൻസ്‌ഫോർമർ വളവിൽത്തന്നെയായതിനാൽ പരിചയമില്ലാത്ത വാഹനങ്ങൾ പോകുമ്പോൾ അപകടസാധ്യത കൂടുതലാണ്. മാത്രമല്ല, വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാർ അരികിലേക്ക് മാറിനടക്കുമ്പോൾ ഇവരുടെ തല ഇരുമ്പുപട്ടയിൽ മുട്ടുന്നതായും പരാതിയുണ്ട്. ഇരുമ്പുപട്ടയിൽ ഇടിച്ച് അപകടമുണ്ടാകാതിരിക്കാൻ ഇപ്പോൾ നാട്ടുകാർ ടയർ കെട്ടിയിരിക്കുകയാണ്.
ആയഞ്ചേരി ഇലക്‌ട്രിക്കൽ സെക്‌ഷന്റെ കീഴിൽവരുന്ന വൈദ്യുത ട്രാൻസ്‌ഫോർമറാണിത്. ഒട്ടേറെത്തവണ കെ.എസ്.ഇ.ബി. അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് ഉടൻ പരിഹാരംകാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.





