Alappuzha

കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ 25-കാരിക്ക് നേരെ നടന്ന ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും

Please complete the required fields.




ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. കായംകുളം ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചേരാൻ യുവതിക്ക് നിർദേശം നൽകി.

നേരിട്ടെത്തി മൊഴി നൽകാമെന്ന് യുവതി പൊലീസിനെ അറിയിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടറുടെയും അപകടസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ മാവേലിക്കര മജിസ്ട്രേറ്റിന് ആലപ്പുഴ സിജെഎം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഴി രേഖപ്പെടുത്തുന്നത്.

ആശുപത്രിയിലെത്തി പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തി കൂടുതൽ വകുപ്പുകൾ ചുമത്തും. ആശുപത്രിയിലെ സിസിടിവി ക്യാമറകളും പരിശോധിക്കും. മനുഷ്യാവകാശ കമ്മീഷൻ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുള്ളത്. സംഭവത്തിൽ കായംകുളം ഡിവൈഎസ്പിക്കാണ് ഇപ്പോൾ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി പരാതി ഉയർന്നത്. വ്യാപാര വ്യവസായി ഏകോപന സമിതി നേതാവ് സിനില്‍ സവാദിനെതിരെയായിരുന്നു പരാതി.
വാഹനത്തില്‍ കയറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി കൊല്ലം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയത്. ഏപ്രില്‍ നാലിന് അര്‍ധരാത്രി കായംകുളം കെപിഎസി ജംഗ്ഷനിലായിരുന്നു അപകടം. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.

പൊലീസ് പറയുന്നത് പ്രകാരം, കൊല്ലം സ്വദേശിയായ യുവതിയും കൂട്ടുകാരിയും അവരുടെ രണ്ട് മക്കളും ഭര്‍ത്താവുമൊത്ത് മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി പോയി. തിരികെ വരുന്നതിനിടെ കെപിഎസി ജംഗ്ഷില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.അപകടം കണ്ട് ഓടിയെത്തിയവരില്‍ ഒരാളായിരുന്നു സിനില്‍ സവാദ്. ഇയാളും മറ്റ് ആളുകളും ചേര്‍ന്ന് മറ്റൊരു പെട്ടി ഓട്ടോറിക്ഷയില്‍ പരാതിക്കാരിയായ യുവതിയെയും കുട്ടികളെയും കയറ്റി. അതിനിടെ കക്ഷത്തിലൂടെ കൈയിട്ട് മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

Related Articles

Back to top button