നിതിൻ രാജിന്റെ മരണം; പ്രതിഷേധം കടുക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ

ദില്ലി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിൻ്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് നല്കിയ പരാതിയിലാണ് കമ്മീഷൻ്റെ നടപടി. 5 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.
അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കടുക്കുകയാണ്. അന്വേഷണത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലേക്ക് കെഎസ്യു – എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. വര്‍ഗീയ പരാമര്‍ശം നടത്തുന്ന ഒരു അധ്യാപകനെയും വാഴിക്കാൻ അനുവദിക്കില്ലെന്ന് കെഎസ്യു പ്രവർത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്തതല്ലെന്നും മകന്റേത് കൊലപാതകമാണെന്നും ആവര്‍ത്തിച്ച് പിതാവ് രാജന്. നിലവില്‍ പ്രതികളായ അധ്യാപകര്‍ക്ക് മാത്രമല്ല ലത എന്ന അധ്യാപികയ്ക്കും കമല്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡനും മകന്റെ മരണത്തില്‍ പങ്കുണ്ടെന്നും പിതാവ് ആരോപിച്ചു.
‘എന്തിനാണ് മകനെ ഇരുട്ട് മുറിയില്‍ അടച്ചത്. പലതവണയായി മകന് നല്കിയ പരാതികള്‍ പ്രിന്‍സിപ്പല്‍ പൂഴ്ത്തിവെച്ചു. മകന് കോളേജില്‍ എത്തി ഒരു മാസം മുതല്‍ റാഗിംഗ് നേരിട്ടു. പല വസ്ത്രങ്ങള്‍ ഇടാന്‍ പോലും സമ്മതിച്ചില്ല. ടി ഷര്‍ട്ട് ഇട്ടതുപോലും ഊരിപ്പിച്ചു. അന്ന് തുടങ്ങിയതാണ് ഈ ക്രൂരത. കുളിക്കാന്‍ പോലും സമ്മതിച്ചില്ല. തുണി അലക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു’വെന്നും പിതാവ് ആരോപിച്ചു.എച്ച്ഒഡി മൃഗീയമായി മകനെ അധിക്ഷേപിച്ചു. കണ്ണാടിയില്‍ നോക്കാന്‍ പോലും പറഞ്ഞു. തന്റെ മകന് എന്തായിരുന്നു ഒരു കുറവ്. എല്ലാവരുടേയും മുന്നില്‍വെച്ച് പുഴുത്ത പട്ടി എന്ന് വരെ വിളിച്ചു. ജീവനോടെ എങ്കിലും മകനെ തരാമായിരുന്നു. മകനെ പറ്റി എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് കുടുംബത്തെ അറിയിക്കാമായിരുന്നു. മെറിറ്റില്‍ അഡ്മിഷന് കിട്ടിയ ആളാണ് മകന്. സിദ്ധാര്‍ത്ഥിനെപ്പോലെ തന്റെ മകനേയും കൊന്നുവെന്നും പിതാവ് പറഞ്ഞു.





