
പെരുമണ്ണ പഞ്ചായത്തിലെ പേരിയ പാടത്തുനിന്നൊരു കാഴ്ച. എട്ടേക്കറിലാണ് കണിവെള്ളരി വിളവെടുത്തത്. ഒരാഴ്ചയായി തകൃതിയായ വിളവെടുപ്പായിരുന്നു. കയറ്റിക്കൊണ്ടുപോകുന്നത് മലപ്പുറത്തേക്കും കണ്ണൂരേക്കും തൃശ്ശൂരേക്കുമൊക്കെ. അവിടങ്ങളിലെ വീടുകളിൽ ഉണ്ണിക്കണ്ണനുമുന്നിലെത്തും, കണിയൊരുക്കാനുള്ള വിശേഷവിഭവങ്ങളിലൊന്നായി.
അടുത്ത ജില്ലകളിലേക്കുമാത്രമല്ല, ഗൾഫിലേക്കുകൂടി പോകുന്നുണ്ടെന്ന് കർഷകൻ ബൈജു. പാടത്തുനിന്ന് പാളയത്തേക്കാണ് യാത്ര. അവിടെനിന്ന് വിമാനംകയറി ഗൾഫിലെത്തും. രണ്ടുമൂന്നുനാൾ മുൻപ് വന്നിരുന്നെങ്കിൽ നിറയെ കാണാമായിരുന്നെന്ന് പൊതുപ്രവർത്തകനും ബൈജുവിന്റെ സുഹൃത്തുമായ അനിൽകുമാർ. ആകെക്കൂടി പത്തിരുപത്തിയഞ്ചുപേരുണ്ടായിരുന്നു കൃഷിക്ക്. ഒരുവിധം വിളവെടുപ്പൊക്കെ കഴിഞ്ഞു. മിക്കവരുടെയും കയറ്റിപ്പോയിക്കഴിഞ്ഞു.
‘‘എന്തുവിലകിട്ടും’’ എന്ന ചോദ്യത്തിന് ‘‘കിലോയ്ക്ക് 50 രൂപ’’യെന്ന് മറുപടി. രണ്ടോ മൂന്നോ എണ്ണംവേണം ഒരുകിലോ ആകാൻ. വിഷുക്കണിയൊരുക്കത്തിന്റെ പരക്കംപാച്ചിലിന്റെ മൂർധന്യത്തിൽ ഒരു കണിവെള്ളരി 50 രൂപയ്ക്കും കിട്ടാത്ത സ്ഥിതിയുമാകും. ചിലപ്പോഴൊക്കെ ഒരു കണിവെള്ളരി പത്തുരൂപയ്ക്ക് വിറ്റൊഴിവാക്കേണ്ട അവസ്ഥയുമുണ്ടാവാറുണ്ടെന്നും കർഷകർ പറഞ്ഞു.
കണിവെള്ളരി കണിക്കല്ലാതെ കറിക്കുപയോഗിക്കാനാവുമോ എന്ന സംശയത്തിന് അനിലും ബൈജുവും ഒരേസ്വരത്തിലാണ് മറുപടി നൽകിയത്: ‘‘പിന്നെന്താ, നല്ലതല്ലേ? ഓലനൊക്കെയുണ്ടാക്കാൻ ബെസ്റ്റാ. നിലംതൊടാത്തവിധത്തിൽ തൂക്കിയിട്ടാൽ വർഷംമുഴുവൻ ഉപയോഗിക്കാം, സാധാരണ വെള്ളരിപോലെത്തന്നെ.’’
സംഭാഷണത്തിലൊന്നും ചേരാതെ കണിവെള്ളരി വൃത്തിയാക്കുന്നതിൽ മുഴുകിയ മണിയോട്, നാടെവിടെയെന്നുചോദിച്ചപ്പോൾ, ‘സേലം’ എന്ന് മറുപടി. രണ്ട് വ്യാഴവട്ടമായി കോഴിക്കോട്ടെത്തിയിട്ട്. കൃഷിപ്പണിയും നിർമാണജോലികളുമൊക്കെ ചെയ്യും. നാട്ടിലും പുറത്തുമുള്ള മലയാളികൾക്കുള്ള വിഷുക്കണിയൊരുക്കത്തിലെ തമിഴ് ടച്ച്! മടങ്ങുമ്പോൾ മറക്കാതെ മണിയുടെവക ആശംസയും: ‘‘ഹാപ്പി വിഷു!’’





