വിവാഹ അഭ്യർത്ഥന നിരസിച്ചു, എച്ച്ഐവി രക്തം കുത്തിവെച്ച് യുവാവിന്റെ പ്രതികാരം; യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന് എച്ച്ഐവി (HIV) ബാധിത രക്തം ശരീരത്തിൽ കുത്തിവെച്ച യുവതി ആത്മഹത്യ ചെയ്തു . സംഭവത്തിൽ യുവതിയുടെ ബന്ധുവായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു.
മനോഹറുമായുള്ള വിവാഹാലോചനയിൽ നിന്ന് രമണി പിന്മാറിയതാണ് അക്രമത്തിന് കാരണമായത്. മാർച്ച് 11-ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, എച്ച്ഐവി ബാധിത രക്തം സിറിഞ്ച് ഉപയോഗിച്ച് രമണിയുടെ ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു.മനോഹറിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മനോഹറിനും രോഗബാധയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് രമണിയും കുടുംബവും വിവാഹത്തിൽ നിന്ന് പിന്തിരിഞ്ഞത്.
അക്രമത്തിന് ശേഷം പ്രതി പിടിയിലായെങ്കിലും, തനിക്ക് രോഗം ബാധിക്കുമോ എന്ന ഭീതിയും ഉണ്ടായ മാനസികാഘാതവും രമണിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രമണിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആക്രമണത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.





