
വടകര : ഉയർന്ന പലിശ വാഗ്ദാനംചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയ വടകരയിലെ മൾട്ടി സ്റ്റേറ്റ് സംഘം ഓഫീസ് പോലീസ് പൂട്ടി സീൽചെയ്തു. വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസാണ് വില്ലജ് ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയശേഷം പോലീസ് അടച്ചുപൂട്ടിയത്. ഒന്നരക്കോടി രൂപയോളം പലരിൽനിന്നായി തട്ടിയെന്നാണ് കേസ്.
സ്ഥാപനവുമായി ബന്ധപ്പെട്ട് നിലവിൽ മുപ്പത്തിയൊന്നോളം പരാതികളാണ് വടകര പോലീസിൽ ലഭിച്ചത്. പരാതികളിൽ പോലീസ് കേസെടുത്തിട്ടുണ്ട്.അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനാണ്. കോടതി ഉത്തരവ് പ്രകാരമാണ് സ്ഥാപനത്തിൽ പോലീസ് റെയ്ഡ് നടത്തിയത്. രേഖകളും മറ്റ് ഉപകരണങ്ങളും കംപ്യൂട്ടറുകളുമടക്കം ഇവിടെനിന്ന് മാറ്റിയിട്ടുണ്ട്. ആറുമാസത്തിൽ ഏറെയായി സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു.
സാധാരണ നിക്ഷേപങ്ങൾക്ക് പന്ത്രണ്ടുശതമാനവും വയോജനങ്ങൾക്ക് പന്ത്രണ്ടരശതമാനവും പലിശയാണ് സ്ഥാപനം വാഗ്ദാനംചെയ്തത്.





