ധോണിയുടെ പിൻഗാമി സഞ്ജു തന്നെ; മലയാളി താരത്തിന്റെ വരവിനെ പുകഴ്ത്തി അനിൽ കുംബ്ലെയും ഡിവിലിയേഴ്സും

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റങ്ങളിലൊന്നിലൂടെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണെ കുറിച്ചുള്ള മുൻനിര താരങ്ങളുടെ നിരീക്ഷണങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു.മഹേന്ദ്ര സിംഗ് ധോണിയുടെ യഥാർത്ഥ പിൻഗാമിക്കായുള്ള ചെന്നൈയുടെ ദീർഘനാളത്തെ കാത്തിരിപ്പ് സഞ്ജുവിന്റെ വരവോടെ അവസാനിച്ചുവെന്നാണ് ഇന്ത്യൻ മുൻ നായകൻ അനിൽ കുംബ്ലെ അഭിപ്രായപ്പെട്ടത്.
ധോണിക്ക് അപ്പുറത്തേക്ക് ചെന്നൈ ചിന്തിച്ചു തുടങ്ങിയെന്നും, വരും കാലങ്ങളിൽ ടീമിനെ നയിക്കാൻ സഞ്ജു പ്രാപ്തനാണെന്നും കുംബ്ലെ കൂട്ടിച്ചേർത്തു. സഞ്ജുവിനെപ്പോലൊരു താരത്തിന് വേണ്ടിയാണ് സിഎസ്കെ ഇത്രയും കാലം കാത്തിരുന്നതെന്നായിരുന്നു ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവിലിയേഴ്സിന്റെ പ്രതികരണം.ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ടീമിലെത്തിയ സഞ്ജുവിന് ധോണിയുടെ സാന്നിധ്യത്തിൽ നിന്ന് ഇനിയും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് രവീന്ദ്ര ജഡേജയ്ക്കും റുതുരാജ് ഗെയ്ക്വാദിനും നായകസ്ഥാനം കൈമാറിയപ്പോഴും പ്രതിസന്ധി ഘട്ടങ്ങളിൽ ധോണി തന്നെയായിരുന്നു ടീമിനെ നയിച്ചിരുന്നത്.
എന്നാൽ ഇനി അത്തരമൊരു സാഹചര്യം വന്നാൽ സഞ്ജുവാകും ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നാണ് കുംബ്ലെയുടെ വിലയിരുത്തൽ. ഐപിഎല്ലിൽ 177 മത്സരങ്ങളിൽ നിന്നായി മൂന്ന് സെഞ്ച്വറികളും 26 അർധസെഞ്ച്വറികളും ഉൾപ്പെടെ 4704 റൺസ് നേടിയ മികച്ച ട്രാക്ക് റെക്കോർഡുമായാണ് സഞ്ജു ചെന്നൈ ക്യാമ്പിലേക്ക് എത്തുന്നത്.ഇതിനോടകം തന്നെ ചെന്നൈയിൽ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു. സഞ്ജുവിനൊപ്പം ലോകകപ്പ് ജേതാവായ ശിവം ദുബെയും ഉടൻ തന്നെ ക്യാമ്പിൽ ചേരും. വൻ സ്വീകരണമാണ് ഈ രണ്ട് താരങ്ങൾക്കുമായി ചെന്നൈ സൂപ്പർ കിംഗ്സ് ഒരുക്കിയിരിക്കുന്നത്.





