ഇടുക്കി: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥർക്കെതിരെ വിവാദ പരാമർശവുമായി ദേവികുളം എംഎൽഎ എ.രാജ. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി.ഗായത്രിയെ ഫോണിൽ വിളിച്ചാണ് എംഎൽഎ ഭീഷണി മുഴക്കിയത്. കയ്യേറ്റ ഭൂമിയിലെ നിർമ്മാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയ റവന്യു ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു എംഎൽഎയുടെ മുന്നറിയിപ്പ്.
മൂന്നാർ ടൗണിലെ കയ്യേറ്റ ഭൂമിയിലെ നിർമ്മാണങ്ങൾക്ക് തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതിൽ പ്രതിഷേധവുമായി എത്തിയവർ എംഎൽഎയെ സമീപിച്ചതോടെയാണ് തഹസിൽദാരെ വിളിച്ച് എംഎൽഎ ഭീഷണിപ്പെടുത്തിയത്. ചില ജീവനക്കാർ കൈക്കൂലി വാങ്ങി കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നുണ്ടെന്നും അവർക്കെതിരെ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. നിയമപരമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് തഹസിൽദാർ വ്യക്തമാക്കിയപ്പോൾ, നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നായിരുന്നു എംഎൽഎയുടെ മറുപടി. സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.
കഴിഞ്ഞ മാസം നടന്ന സംഭാഷണം അന്ന് തന്നെ ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ തഹസീൽദാർ പങ്കുവച്ചിരുന്നു. ദേവികുളം സബ് കളക്ടറെയും വിവരം അറിയിച്ചിരുന്നു. എന്നാൽ പരാതി നൽകിയിരുന്നില്ല. ഇപ്പോഴാണ് ശബ്ദ സന്ദേശം പുറത്തു വന്നത്. പട്ടയ ഭൂമിയിൽ പണിത കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുമെന്ന് ജീവനക്കാർ ഭീഷണിപ്പടുത്തിയതാണ് ഇത്തരത്തിൽ പറയാൻ കാരണമായതെന്നാണ് എ.രാജയുടെ വിശദീകരണം. പാവപ്പെട്ടവരുടെ പ്രശ്നത്തിൽ ആണ് ഇടപെട്ടതെന്നും ജീവനക്കാരിൽ ചിലർ കൈക്കൂലി വാങ്ങി വൻകിട കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നുണ്ട് എന്നും എം എൽ എ ആവർത്തിച്ചു. ചിന്നക്കനാൽ ഭാഗത്തും കഴിഞ്ഞയിടെ കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉടുമ്പഞ്ചോലയിലെ റവന്യു സംഘത്തെ സി പി എം നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.