Kozhikode

തെരുവുനായശല്യത്തിൽ പൊറുതിമുട്ടി

Please complete the required fields.




കുറ്റ്യാടി : തെരുവുനായശല്യത്തിൽ വലഞ്ഞ് ജനങ്ങൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ കുറ്റ്യാടി മേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടരവയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെ ഒട്ടേറെപ്പേർക്കാണ് പരിക്കേറ്റത്.

ദിവസങ്ങൾക്കുമുൻപ്‌ നരിക്കൂട്ടുംചാലിലും കുളങ്ങരത്താഴയിലും നീലേച്ചുകുന്നിലും കഴിഞ്ഞദിവസം മൊകേരി, വട്ടോളി സ്കൂളുകളിലും തെരുവുനായയുടെ ആക്രമണമുണ്ടായി. വിദ്യാർഥികൾക്കും അധ്യാപികയ്ക്കും നായയുടെ കടിയിൽ സാരമായ പരിക്കേറ്റു. മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത്, മുണ്ടക്കുറ്റി, മുള്ളൻകുന്ന് ഭാഗങ്ങളിലും നായകളുടെ ശല്യം രൂക്ഷമാണ്. കുറ്റ്യാടി പഞ്ചായത്തിലെ ഊരത്ത്, വളയന്നൂർ, കടേക്കച്ചാൽ ഭാഗങ്ങളിലും കായക്കൊടി, കുന്നുമ്മൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും തെരുവുനായഭീഷണിയിലാണ്‌ ജനങ്ങൾ. രാവിലെ പത്രവിതരണത്തിന് പോകുന്നവരും മദ്രസവിദ്യാർഥികളും നായകളുടെ ശല്യവും ആക്രമണവും കാരണം ആശങ്കയിലാണ്.

വഴിയോരങ്ങളിലും കനാലുകളിലും ഭക്ഷണമാലിന്യം തള്ളുന്നത് തേടിയാണ് തെരുവുനായകൾ എത്തുന്നത്. തെരുവോരങ്ങളിലെ തട്ടുകടകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ തിന്നാൻ നായകൾ എത്തുന്നതും ഭീഷണിയായി മാറിയിട്ടുണ്ട്. തെരുവുനായശല്യം പരിഹരിക്കാൻ ഷെൽട്ടറുകൾ സ്ഥാപിക്കുകയാണ് വേണ്ടത്.തെരുവുനായകളുടെ ശല്യം അനുദിനം വർധിച്ചുവരുന്ന സാഹചര്യമാണ്. ഭീതികാരണം വിദ്യാർഥികൾക്ക് സ്കൂളിൽ പോവാൻസാധിക്കുന്നില്ല. തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള നടപടി തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം.

Related Articles

Back to top button