മഞ്ഞിൽ പുതഞ്ഞ് അമേരിക്ക: വിമാനങ്ങൾ റദ്ദാക്കി, യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം; മരണസംഖ്യ 30 കടന്നു

വാഷിങ്ടൺ : അതിശക്തമായ ശീതക്കാറ്റിലും കനത്ത മഞ്ഞുവീഴ്ചയിലും അമേരിക്ക തണുത്തുവിറയ്ക്കുന്നു. രാജ്യത്തിന്റെ നോർത്ത് ഈസ്റ്റ് ഭാഗങ്ങളിലാണ് മഞ്ഞുവീഴ്ച ഏറ്റവും രൂക്ഷമായിരിക്കുന്നത്. ശീതതരംഗവുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽപ്പെട്ട് ഇതുവരെ 30 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏകദേശം 2100 കിലോമീറ്റർ ദൂരത്തിൽ 30 സെന്റീമീറ്റർ വരെ ഉയരത്തിലാണ് മഞ്ഞ് വീഴ്ചയുണ്ടായിരിക്കുന്നത്. പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും താറുമാറായതോടെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. മഞ്ഞുവീഴ്ചയെത്തുടർന്ന് ഗതാഗത സംവിധാനങ്ങളും വലിയ തോതിൽ തടസ്സപ്പെട്ടിട്ടുണ്ട്.
വ്യോമ ഗതാഗതവും താറുമാറായിരിക്കുകയാണ്. ശനിയാഴ്ച മുതൽ ഏകദേശം 19,000-ത്തിലധികം വിമാനങ്ങളാണ് ആകെ റദ്ദാക്കപ്പെട്ടത്. ഇതിൽ ഞായറാഴ്ച മാത്രം 11,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി. തിങ്കളാഴ്ച 5,900 വിമാനങ്ങളും റദ്ദാക്കി. 19000-ത്തിലധികം വിമാനങ്ങൾ വൈകുകയും ചെയ്തു. ന്യൂയോർക്കിലെ ലാഗ്വാർഡിയ, ജെ.എഫ്.കെ, ഫിലാഡൽഫിയ, വാഷിംഗ്ടൺ റീഗൻ നാഷണൽ, ഡാളസ്-ഫോർട്ട് വർത്ത് എന്നീ വിമാനത്താവളങ്ങളിലെ ഭൂരിഭാഗം സർവീസുകളും തടസ്സപ്പെട്ടു. ഡാളസ്-ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 749 റദ്ദാക്കലുകളും 501 കാലതാമസങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് രാജ്യത്തുടനീളം 20-ഓളം സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് വരികയാണ്. യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുൻപ് വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളോ ആപ്പുകളോ വഴി വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കാൻ നിർദ്ദേശമുണ്ട്.





