
ഇന്ത്യന്‍ സിനിമയില്‍ അതൊരു അത്ഭുതമായിരുന്നു, കാന്താര എന്ന കന്നട ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ തരംഗം തീര്‍ത്ത ഒന്നായിരുന്നു. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ കാന്താരയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് നേരത്തെ തന്നെ പ്രഖ്യപനം ഉണ്ടായെങ്കിലും കാന്താര ചാപ്റ്റര്‍ 1 എത്താന്‍ കുറച്ച് വൈകി. എന്നാല്‍ വൈകിയാലും ലേറ്റസ്റ്റായി വരുമെന്ന സ്റ്റൈല്‍ മന്നന്റെ പ്രതികരണം പോലെയാണ് കാന്താര ചാപ്റ്റര്‍ വണ്‍.ഒരു കാര്യം നേരത്തെ പറയാം, കാന്താരയുടെ തുടര്‍ച്ചയെന്ന ധാരണയില്‍ നിങ്ങള്‍ കാന്താര ചാപ്റ്റര്‍ 1 കാണാന്‍ പോവരുത്. അതുക്കും മേലെയാണ് ഇത്. ബാഹുബലിയെയും പിന്നിലാക്കുന്ന മെയ്ക്കിംഗ്, ഒരു അതിഗംഭീര തീയേറ്റര്‍ എക്സീപിരിയന്സാണീ ചിത്രം. കാന്താര എന്ന ആദ്യചിത്രത്തിന് കാന്താര ചാപ്റ്റര്‍ വണ്ണുമായുള്ള ബന്ധം, അതിന്റെ വിശ്വാസവും ആചാരവും മാത്രമാണ്.
കാന്താര എന്നാല്‍ കൊടുംകാട്, ഉള്‍ക്കാട് എന്നൊക്കെയാണ് കന്നടയില്‍ അര്‍ത്ഥം. കാന്താര ചാപ്റ്റര്‍ 1 കേവലം കാട്ടില്‍ മാത്രം നടക്കുന്നൊരു കഥയല്ല. വളരെ വ്യത്യസ്തമായൊരു കഥാ സന്ദര്‍ഭമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബാംഗ്ര എന്നൊരു രാജ്യം. കാന്താരയില്‍ നിന്നും ഏറെ അകലെയുള്ള തീരദേശത്തെ ഒരു രാജ്യം. പല യുദ്ധങ്ങള്‍ നയിക്കുകയും പരാജയം എന്തെന്ന് അറിയുകപോലുമില്ലാത്ത ബാംഗ്രയെന്ന നാട്ടുരാജ്യത്തിലെ രാജാവ്. അദ്ദേഹത്തിന് കാന്താര കേവലമൊരു കേട്ടറിവുമാത്രമായിരുന്നു. ദൈവത്തിന്റെ പൂന്തോട്ടത്തിലേക്ക് അപൂര്‍വ സുഗന്ധ ദ്രവ്യങ്ങള്‍ തേടിയുള്ള യാത്ര. രാജാവും പരിവാരങ്ങളും കാന്താരയില്‍ എത്തുന്നു. കാന്താര കീഴടക്കുകയും അവിടുത്തെ അത്യപൂര്‍വമായ കാട്ടുവിഭവങ്ങള്‍ സ്വന്തമാക്കുകയുമായിരുന്നു രാജാവിന്റെ ലക്ഷ്യം. എന്നാല്‍ രാജാവ് അവിടെ വെച്ച് കൊല്ലപ്പെടുന്നു. ബാലനായ രാജകുമാരന് മാത്രം രക്ഷപ്പെടുന്നു.അദ്ദേഹത്തിന് വളരെ ചെറുപ്പത്തില്‍ രാജ്യഭരണം ഏറ്റെടുക്കേണ്ടിവരുന്നു. രാജാവിന് രണ്ട് മക്കള്‍ പിറക്കുന്നു. രാജാവായി വേഷമിടുന്നത് മലയാളി താരം ജയറാമാണ്. അദ്ദേഹം രാജസദസിന് ഒറ്റ മുന്നറിയിപ്പുമാത്രമേ നല്‍കുന്നുള്ളൂ. ഒരിക്കലും നിങ്ങള്‍ കാന്താര ദേശത്തേക്ക് പോവരുത് എന്ന്.അമൂല്യമായ സമ്പത്തും, ദൈവിക ശക്തിയുമാണ് കാന്താരയുടെ എക്കാലത്തെയും ശക്തി, അതുതന്നെയാണ് കാന്താരയെ സ്വന്തമാക്കാനായി പുറപ്പെട്ടവര്‍ക്ക് ഒരിക്കലും ജീവനോടെ തിരികെ വരാന്‍ പറ്റാതെ പോവുന്നതും.
കാന്താരയില്‍ നിന്നും ഒരു സംഘം ആളുകള്‍ ബര്മന് എന്ന യുവാവിന്റെ നേതൃത്വത്തില്‍ കാടുവിട്ട് അവര്‍ ബാംഗ്രയിലേക്ക് പ്രവേശിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഘര്‍ഷത്തിന്റെ നേര്‍കാഴ്ചകളാണ് കാന്താര ചാപ്റ്റര്‍ 1 ലെജന്റ്.ഒറ്റവാക്കില്‍ പറഞ്ഞാല്‍ കാടിന്റെയും വിശ്വാസത്തിന്റെയും സംരക്ഷകനാണ് ബര്‍മ എന്ന നായകന്.
രാജഭരണം ഏറ്റെടുത്ത ഗുല്‍ഷന്‍ നടത്തുന്ന കാന്താരയിലേക്കുള്ള യാത്രയാണ് കാന്താര ചാപ്റ്റര്‍ വണ്‍ കഥയെ മുന്നോട്ടേക്ക് കൊണ്ടുപോവുന്നത്. ദൂര്‍ത്തനും മദ്യപാനിയുമായ കുലശേഖര രാജാവും, കാന്താര എന്ന കാടും, കലാസംവിധായകന്‍ ഒരുക്കിയ സെറ്റും, സംഘട്ടനരംഗങ്ങളുമെല്ലാം സിനിമയെ ഏറെ മികവുറ്റതാക്കി മാറ്റുന്നുണ്ട്. നമ്മള് കാന്താരയെന്ന ആദ്യചിത്രത്തില്‍ കണ്ടതിലും പതിന്മടങ്ങ് ശക്തനായ കഥാപാത്രമാണ് ഋഷഭിന്റെ ബര്‍മ. വിദേശ കച്ചവടക്കാരും പോര്‍ച്ചുഗീസുകാരും കച്ചവടത്തിനായി തമ്പടിച്ചിരിക്കുന്ന ബാംഗ്ര എന്ന സാങ്കല്പിക രാജ്യം ചരിത്രകാലത്തേയും രേഖപ്പെടുത്തുന്നു.
ജയറാമിന്റെ വിജയേന്ദ്ര രാജാവിന്റെ വേഷം മികച്ചതായിരുന്നു. നായികാ വേഷത്തിലെത്തിയ രുക്മിണി വസന്ത്, രാജകുമാരനായി വേഷമിട്ട ഗുല്‍ഷന്‍ ദേവയ്യയും തുടങ്ങി ഓരോ വേഷവും കൈകാര്യം ചെയ്ത താരങ്ങളെല്ലാം അതിഗംഭീരം. ഋഷഭ് ഷെട്ടി കന്നട സിനിമയിലെ ലെജന്റായി മാറുകയാണ്. നായകനും സംവിധായനുമായി നിറഞ്ഞാടിയ കാന്താര ചാപ്റ്റര്‍ വണ്‍ ക്ലൈമാക്സ് രംഗം ഓരോ പ്രേക്ഷകനേയും അത്ഭുത ലോകത്തേക്ക് അറിയാതെ കൈപിടിച്ചു കൊണ്ടുപോവുകയാണ്.
അരവിന്ദ് എസ് കശ്യപിന്റെ ക്യാമറയും അജനീഷ് ലോക്നാഥിന്റെ സംഗീതവും നല്ല ഫീലാണ് നല്‍കുന്നത്. സാങ്കേതിക വിഭാഗത്തില്‍ പ്രവര്‍ത്തിച്ചവര്‍ എടുത്ത എഫര്‍ട്ട് എത്രയെന്ന് ഓരോ സീനും വ്യക്തമാക്കുന്നുണ്ട്. കാന്താര ചാപ്റ്റ്രര് 1 ലെജന്റിന് ധൈര്യത്തോടെ ടിക്കറ്റെടുക്കാം. ആദ്യഭാഗം കാണാത്തവര്‍ക്കും ഈ ചിത്രം ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ് സംവിധായകന് ചിത്രം ഒരുക്കിയിരിക്കുന്നത്.





