
കോഴിക്കോട് :രാമനാട്ടുകര സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് നിയന്ത്രണംവിട്ട പിക്കപ്പുവാൻ റസ്റ്ററന്റിലേക്ക് പാഞ്ഞുകയറി. സ്കൂട്ടർ യാത്രക്കാരി ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശി കെ. ഉഷ (57) യ്ക്ക് ഗുരുതര പരിക്കേറ്റു.
ബുധനാഴ്ച രാവിലെ 6.50 നാണ് സംഭവം. കൊണ്ടോട്ടിയിൽനിന്ന് ഫറോക്കിലേക്ക് വരുകയായിരുന്നു മിനി പിക്കപ്പ് ലോറി ഒൻപതാം മൈൽസിലുള്ള പെട്രോൾപ്പമ്പിൽനിന്ന് ഇന്ധനം നിറച്ച് പുറത്തിറങ്ങുകയായിരുന്ന സ്കൂട്ടർ യാത്രികയെ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ്, റോഡിന്റെ എതിർവശത്തുള്ള എം ഡൈൻ റസ്റ്ററന്റിലേക്ക് പാഞ്ഞു കയറുകയായിരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ യാത്രികയെ ആദ്യം ചുങ്കം ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ ഹോട്ടലിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഈ സമയം ഹോട്ടലിൽ ജീവനക്കാരില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.





