
കോഴിക്കോട് : സിവിൽ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധവകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കംചെയ്തു. കളക്ടറുടെ നിർദേശപ്രകാരമാണ് കളക്ടറേറ്റിലെ താലൂക്ക് ഓഫീസിന് സമീപത്തുള്ള യാഡിലേക്ക് വാഹനങ്ങൾ മാറ്റിയത്. ഉപയോഗശൂന്യമായ 20 വാഹനങ്ങളാണ് നിലവിൽ കളക്ടറേറ്റ് വളപ്പിലുള്ളത്.
ഇവയെല്ലാം യാഡിലേക്ക് മാറ്റി പരമാവധി പാർക്കിങ് ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. കാലഹരണപ്പെട്ടതും വിവിധ കേസുകളിൽ ഉൾപ്പെട്ടതുമായ വാഹനങ്ങളാണ് നീക്കിയത്. തദ്ദേശസ്വയംഭരണവകുപ്പിന്റെ മാലിന്യമുക്ത നവകേരളംപദ്ധതി, ഹർ ഘർ തിരംഗ ഹർഘർ സ്വച്ഛത കാംപെയ്ൻ എന്നിവയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ നടക്കുന്ന മെഗാക്ലീനിങ്ങിന്റെ ഭാഗമായാണ് കളക്ടറേറ്റിലെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കംചെയ്തത്.





