കണ്ണൂരിൽ വീട്ടുപറമ്പില്‍നിന്ന് ചന്ദനമരം മുറിച്ചുകടത്തി, മോഷ്ടിച്ചത് രണ്ടു ലക്ഷത്തോളം രൂപയുടെ മരം; യുവാവ് പിടിയിൽ

എടക്കാട് : കണ്ണൂരിൽ വീട്ടുപറമ്പില്‍നിന്ന് ചന്ദനമരം മോഷ്ടിച്ചയാളെ എടക്കാട് പൊലീസ് പിടികൂടി. ശിവപുരം ലക്ഷംവീട് ഉന്നതിയിലെ കുട്ടനെന്ന കെ.പി. നിധീഷിനെയാണ് (33) മട്ടന്നൂരില്‍ എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ എന്‍. ദിജേഷ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ മാസം 16ന് നടാലിലെ പായത്ത് ടി.പി. രമയുടെ വീട്ടുവളപ്പിലെ 30 അടി ഉയരമുള്ള ചന്ദനമരം മുറിച്ചുകടത്തിയിരുന്നു. രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മരമാണിത്. ഊര്‍പ്പഴശി കാവിന് സമീപത്തുനിന്നും നിധീഷ് ചന്ദനമരം മോഷ്ടിച്ചിരുന്നു.
അതേസമയം ആലപ്പുഴ ഹരിപ്പാട് രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൽഡാ സ്വദേശി അമീർ (29) ആണ് പിടിയിലായത് . ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരിയിലകുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പശ്ചിമ ബംഗാളിൽ നിന്ന് ട്രെയിനിൽ ആലപ്പുഴയിൽ എത്തിയ ഇയാൾ ബസിൽ കാഞ്ഞൂർ ക്ഷേത്രത്തിന് സമീപത്ത് എത്തിയപ്പോഴാണ് പൊലീസിൻ്റെ മുന്നിൽപെട്ടത്.സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞുനിർത്തി ബാഗ് പരിശോധിച്ചപ്പോൾ ഇതിനകത്ത് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 1.963 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ കൈയ്യിലുണ്ടായിരുന്നത്. ചേപ്പാട്, ചിങ്ങോലി എന്നിവിടങ്ങൾ കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കരിയിലകുളങ്ങര എസ് എച്ച് ഓ നിസാമുദ്ദീൻ, എസ് ഐ മാരായ ശ്രീകുമാരക്കുറുപ്പ്, നിരഞ്ജന ലാൽ, എ എസ് ഐ അനി, സിപിഓ അജീഷ്, ഹോം ഗാർഡ് ജയറാം എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത് .





