Kozhikode

കൊടുവള്ളി നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ് തകർന്ന് വാവാട് സെൻറർ-കപ്പലാംകുഴി റോഡ്

Please complete the required fields.




കൊടുവള്ളി : പൊട്ടിപ്പൊളിഞ്ഞ് തകർന്ന് തരിപ്പണമായിക്കിടക്കുകയാണ് കൊടുവള്ളി നഗരസഭയിലെ വാവാട് സെൻറർ-കപ്പലാംകുഴി റോഡ്. പുരക്കെട്ടിൽ ജൂബിലി കോളനി, മൂഴിക്കുന്ന് കോളനി എന്നിവിടങ്ങളിൽ താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് 40 വർഷത്തോളം പഴക്കമുള്ള ഈ റോഡ്. ഒട്ടേറെ സ്കൂൾവാഹനങ്ങളും സ്വകാര്യവാഹനങ്ങളും കടന്നുപോകുന്ന റോഡിൽ കാൽനടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്.

റോഡിന്റെ തകർച്ചകാരണം സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓട്ടംനിർത്തേണ്ട അവസ്ഥയിലാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. റോഡിലെ കുണ്ടും കുഴിയും ടാറിങ് ഇളകിക്കിടക്കുന്നതുമൊക്കെ കടന്നുവേണം ഡ്രൈവർമാക്ക് കുട്ടികളെ സ്കൂളിലെത്തിക്കാൻ. ഒന്നരക്കിലോമീറ്റർ ദൂരമുള്ള റോഡിൽ കഴിഞ്ഞ 25 വർഷമായി അറ്റകുറ്റപ്പണികൾമാത്രമാണ് നടത്തുന്നത്.
ഓരോവർഷവും ഇരുനൂറോ മുന്നൂറോ മീറ്റർ മാത്രം റിപ്പയർ ചെയ്യുകയല്ലാതെ റോഡ് പൂർണമായും ഇതുവരെ റിപ്പയർ ചെയ്തിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരംകാണുന്നതിനായി പ്രദേശവാസികൾ നഗരസഭാ അധികൃതരുമായി പലതവണ ബന്ധപ്പെട്ടെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ നവകേരളസദസ്സുമായി ബന്ധപ്പെട്ട് റോഡ് കമ്മിറ്റി സമർപ്പിച്ച പരാതി നഗരസഭയ്ക്ക് കൈമാറിയിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. റോഡിന്റെ തകർച്ചകാരണം മുച്ചക്രവാഹനത്തിൽ സഞ്ചരിക്കുന്ന പ്രദേശവാസികളായ ഭിന്നശേഷിക്കാർ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി യാത്രചെയ്യുന്നത്.

രോഗികളെയുംമറ്റും ആശുപത്രികളിൽ കൊണ്ടുപോകുന്നതിനും പ്രയാസപ്പെടുന്നു. റോഡിന്റെ ഒരുഭാഗത്തുകൂടി കടന്നുപോകുന്ന തോടിന് കൈവരി നിർമിച്ചിട്ടില്ല. ഇത് സ്കൂൾ കുട്ടികൾക്കും അങ്കണവാടി കുട്ടികൾക്കും ഭീഷണിയായിരിക്കുകയാണ്. മഴക്കാലമായതിനാൽ തോട്ടിലൂടെ വെള്ളം ഒഴുകുന്നത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നു.റോഡിലൂടെ യാത്രചെയ്യുന്നവർ ഒട്ടേറെക്കാലമായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതിവരുത്താൻ നഗരസഭ അധികൃതർ മനസ്സുകാണിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ, റോഡ് റീ ടാറിങ് നടത്തുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Related Articles

Back to top button