Kozhikode

സുരക്ഷയെച്ചൊല്ലി ആശങ്ക; തിരികക്കയം വെള്ളച്ചാട്ടം കാണാൻ മഴയിലും സഞ്ചാരികൾ

Please complete the required fields.




കോഴിക്കോട് : വിലങ്ങാട് കനത്തമഴയിൽ നിറഞ്ഞൊഴുകുന്ന തിരികക്കയം വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾ ഒഴുകുമ്പോഴും അടിസ്ഥാനസൗകര്യങ്ങളില്ലാത്തത് ആശങ്കയാകുന്നു. വെള്ളച്ചാട്ടമുള്ള സ്ഥലത്തേക്ക് പോകാൻ നല്ലൊരു വഴിയില്ല. അപകടം തടയാൻ സുരക്ഷാവേലിയോ പോലീസിന്റെ മുന്നറിയിപ്പുബോർഡോ ഇല്ല. ശക്തമായ മഴപെയ്യുമ്പോൾപോലും ആളുകൾ നിയന്ത്രണമില്ലാതെവരുന്നതും പ്രശ്നമാണ്.

മഴയിലാണ് തിരികക്കയം വെളളച്ചാട്ടം കാണാൻ ഏറെ ഭംഗി. ഇത് കാണാൻ ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകളെത്തും. വാണിമേൽ പഞ്ചായത്തിലെ ചോലാലകാവ് ക്ഷേത്രത്തിനടുത്താണ് വെള്ളച്ചാട്ടം. ഞായറാഴ്ച ഒട്ടേറെപ്പേർ വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. മഴ ശക്തമായതിനാൽ വെള്ളത്തിലിറങ്ങി കുളിക്കാൻപറ്റില്ല.മുൻവർഷങ്ങളിൽ പാറക്കെട്ടിനു മുകളിൽനിന്ന് കുളിക്കാൻ താഴേക്കുചാടിയ രണ്ടുപേർ മരിച്ചിരുന്നു. അതിനുശേഷം കനത്തമഴപെയ്യുമ്പോൾ ആരെയും നാട്ടുകാർ കുളിക്കാൻ അനുവദിക്കില്ല. എന്നാൽ, നാട്ടുകാരുടെ കണ്ണുതെറ്റുന്ന സമയത്ത്, ആരെങ്കിലും കുളിക്കാനിറങ്ങുമോ എന്ന ആശങ്കയുണ്ട്. ഇത് തടയാനും വേണ്ട നിർദേശങ്ങൾ നൽകാനുമുള്ള സംവിധാനം ഇവിടെയില്ല.വാഹനങ്ങൾ റോഡിൽ പാർക്കുചെയ്ത് ഏതാണ്ട് 100 മീറ്റർ നടന്നുവേണം തിരികക്കയം വെള്ളച്ചാട്ടസ്ഥലത്തെത്താൻ. എന്നാൽ, അവിടേക്ക് എത്തിച്ചേരാൻ സ്വകാര്യവ്യക്തികളുടെ സ്ഥലംവഴി പോകണം. ശരിയായ വഴിയില്ലാത്തതിനാൽ സഞ്ചാരികൾ ബുദ്ധിമുട്ടിലാണ്. ഒരാൾക്കുപോകാൻമാത്രം പറ്റുന്ന ഒറ്റയടിപ്പാതയാണ് നിലവിലുള്ളത്. അതിന്റെ വശങ്ങളിലാണെങ്കിൽ വലിയ കാടുമാണ്. ഇഴജന്തുക്കളെ പേടിച്ചുവേണം വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താൻ. മഴക്കാലത്ത് ഇതെല്ലാം പ്രയാസമാണ്.

വെള്ളച്ചാട്ടത്തിന്റെ സമീപത്തായി പ്ലാസ്റ്റിക് കുപ്പികളും, സഞ്ചികളും ഉപേക്ഷിക്കുന്നുണ്ട്. സഞ്ചാരികൾ കൊണ്ടുവരുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസിറ്റിക് ഉത്പന്നങ്ങളും തള്ളാൻ സംവിധാനമില്ല. സഞ്ചാരികൾ വർധിച്ചതോടെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കൂടി. വെള്ളച്ചാട്ടത്തിന് സമീപത്തായി പ്ലാസ്റ്റിക് ശേഖരിക്കാൻ സംവിധാനമൊരുക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും പൊതുവഴി സജ്ജമാക്കാനും ഏതാനും വർഷംമുൻപ് ശ്രമം നടന്നിരുന്നെങ്കിലും ഒന്നും എവിടെയും എത്തിയിട്ടില്ല. കൂടാതെ, ജില്ലാ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ, ഇതുവരെ വെള്ളച്ചാട്ടം ടൂറിസം വകുപ്പ് ഏറ്റെടുത്തിട്ടില്ല. വേണ്ടത്ര സുരക്ഷയൊരുക്കാത്തതിൽ നാട്ടുകാർക്കും പരാതിയുണ്ട്.

Related Articles

Back to top button