Kozhikode

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് അഞ്ചുജില്ലകളിൽ റെഡ് അലർട്ട് ചൊവ്വാഴ്‌ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്ക് സാധ്യത

Please complete the required fields.




കോഴിക്കോട്: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴ കണക്കിലെടുത്ത് അടുത്ത ബുധനാഴ്‌ച വരെ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നത്. ഇന്നും നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിതീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇന്നും നാളെയും ( ശനി, ഞായർ) എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കർണാടക, അതിനോട് ചേർന്നുള്ള തെലുങ്കാന -റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തിൽ വ്യാപക മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 204.4 mm ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെയുള്ള അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്‌ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

Related Articles

Back to top button