
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 195 രൂപ കൂടി 9,295 രൂപയും പവന് 1,560 രൂപ കൂടി 74, 360 രൂപയുമാണ് വിപണി വില. ഇക്കഴിഞ്ഞ ഏപ്രിലിൽ ഉയർന്ന നിരക്കായ 74,320 രൂപയിൽ സ്വർണവില എത്തിയിരുന്നു. ഈ റെക്കോഡാണ് ഇന്ന് തകർന്നത്.
തുടർച്ചയായ മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇപ്പോൾ മൂന്ന് ദിവസം തുടരെ വില വർധിച്ചത്. പവൻ വില ബുധനാഴ്ച 600 രൂപയും വ്യാഴാഴ്ച 640 രൂപയും കൂടിയിരുന്നു. ഇതോടെ മൂന്ന് ദിവസംകൊണ്ട് 2800 രൂപയുടെ വർധനയാണ് വന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപ കൂടി 7625 രൂപക്കും വെള്ളി ഗ്രാമിന് 155 രൂപക്കുമാണ് (വിലയിൽ മാറ്റമില്ല) വിൽപ്പന നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 3,438 ഡോളറാണ് സ്വർണവില.





