കസേരയിൽ അനക്കമില്ലാതെ മുഹമ്മദ്; കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ മകന് സംശയം; മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തു

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ കഴിഞ്ഞ മാസം മരിച്ചയാളുടെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നു. അട്ടക്കുണ്ട് സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് ഖബറിൽ നിന്നും പുറത്തെടുക്കുന്നത്. മുഹമ്മദിൻ്റെ മരണത്തിൽ സംശയമുണ്ടെന്ന് മകൻ പരാതി നൽകിയതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്.
വർഷങ്ങളായി ഒറ്റയ്ക്കുതാമസിക്കുന്ന മുഹമ്മദിനെ മേയ് 26-നാണ് മരിച്ചനിലയിൽ കണ്ടെത്തുന്നത്. മുൻപ് പ്രവാസിയായിരുന്നു. മുഹമ്മദിനെ വീടിനുപുറത്ത് കാണാതിരുന്നപ്പോൾ അയൽവാസിയായ സ്ത്രീ ജനാലയിലൂടെ നോക്കിയപ്പോഴാണ് കസേരയിൽ അനക്കമില്ലാതെ മുഹമ്മദ് ഇരിക്കുന്നത് കണ്ടത്.
തുടർന്ന് നാട്ടുകാർ എത്തുകയും വാതിൽ പൊളിച്ച് അകത്തുകടക്കുകയുമായിരുന്നുവെന്ന് പറയുന്നു. തുടർന്ന്, മൃതദേഹം, മുഹമ്മദിന്റെ അനുജന്റെ വീട്ടിലേക്ക് മാറ്റുകയും വൈകീട്ട് അടക്കംചെയ്യുകയും ചെയ്തു. പിന്നീട് നാട്ടിലെത്തിയ മകൻ മുഫീദ് പിതാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. പിതാവ് മരിച്ചതായി കണ്ടെത്തിയ വീടിന്റെ വാതിൽ പൊളിച്ചനിലയിൽ കാണുന്നില്ലെന്നും മരിച്ചതിനുശേഷവും പിതാവിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതുമായാണ് മകൻ മുഫീദ് പയ്യോളി പൊലീസിനോട് പരാതിപ്പെട്ടത്. തിടുക്കത്തിലാണ് മൃതദേഹം അടക്കിയതെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം.





