Kozhikode

നെൽക്കൃഷി വെള്ളത്തിൽ; കൊയ്തെടുക്കാനാകാതെ കർഷകർ

Please complete the required fields.




കോഴിക്കോട് : പേരാമ്പ്ര ആവളപാണ്ടിയിലെ കുറ്റ്യോട്ട്‌നട പാടശേഖരത്തിൽ കൊയ്യാറായ നെല്ല് കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുങ്ങി. മഴക്കാലത്തിനുശേഷവും തുടർന്ന മഴകാരണം ഇത്തവണ വൈകിയാണ് കർഷകർ കൃഷി തുടങ്ങിയത്. അതിനാൽ കൊയ്യാനും താമസിച്ചു. കുറ്റ്യാടി ജലസേചന പദ്ധതി കനാലിലെ ചോർച്ചമൂലമെത്തുന്ന വെള്ളവും വേനൽമഴയിലെ വെള്ളവുമെല്ലാം പാടത്ത് കെട്ടിനിൽക്കുന്ന സ്ഥിതിയിലെത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് പാടശേഖരസമിതി സെക്രട്ടറി ബഷീർ കറുത്തേടത്ത് പറഞ്ഞു.

പാടശേഖരത്തിന് നടുവിലൂടെയുള്ള കുണ്ടൂർമൂഴി തോട്ടിലൂടെ വെള്ളം ശരിയായി ഒഴുകിപ്പോകാത്തതും പ്രശ്നമായി. കൈതോലകളടക്കം വളർന്നുനിൽക്കുന്നതും മാലിന്യം കെട്ടിനിൽക്കുന്നതും കാരണം വെള്ളം നന്നായി ഒഴുകുന്നില്ല.കനാൽ ചോർച്ചയുള്ള ഭാഗങ്ങളിൽക്കൂടി വെള്ളം പാടത്തേക്കൊഴുകിയെത്തി കെട്ടിനിൽക്കുകകൂടി ചെയ്തതോടെ കൃഷി വെള്ളത്തിൽ മുങ്ങി. തോട്ടിലും പാടത്തിലും ഒരേനിരപ്പിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ് ഇത്തവണയുണ്ടായത്.70 ഏക്കറോളമുള്ള പാടശേഖരത്തിൽ പകുതിയോളം സ്ഥലത്തുമാത്രമാണ് ഇത്തവണ കൃഷിയിറക്കിയത്. വെള്ളം കെട്ടിനിന്നതോടെ വിളവെടുക്കാനും താമസിച്ചു. കഴിഞ്ഞദിവസം യന്ത്രമെത്തിച്ച് കൊയ്യാൻ തുടങ്ങിയെങ്കിലും വൈക്കോലൊന്നും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

വിളവ് കുറയാനുമിടയാക്കി. വലിയ നഷ്ടമാണ് ഇത്തവണയുണ്ടായതെന്ന് കർഷകർ പറഞ്ഞു. വേനൽമഴയിൽ കൃഷി നശിച്ചതിന് പുറമെയാണ് ഇപ്പോൾ ബാക്കിയുള്ളത് കൊയ്തെടുക്കാനും പറ്റാത്തത്. ബാങ്കിൽനിന്ന് വായ്പയെടുത്തും മറ്റും പണം സ്വരൂപിച്ച് കൃഷിയിറക്കി വിളവെടുക്കാറാകുമ്പോൾ കുറേക്കാലമായി നിരാശയാണ് കർഷകർക്കുണ്ടാകുന്നത്. അതുകൊണ്ടുതന്നെ പല കർഷകരും ഈ രംഗത്തുനിന്ന് പിൻമാറിയിരിക്കയാണ്.തോട് നന്നാക്കണമെന്നാവശ്യപ്പെട്ട് ടി.പി. രാമകൃഷ്ണൻ എംഎൽഎക്ക് കർഷകർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മൈനർ ഇറിഗേഷൻ വിഭാഗം എൻജിനിയർ സ്ഥലം സന്ദർശിച്ചിരുന്നു. തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്യാനും കൈതക്കാട് വെട്ടിമാറ്റാനുമെല്ലാമായി ഒൻപതുലക്ഷംരൂപ ചെലവുവരുമെന്നാണ് മൈനർ ഇറിഗേഷൻ വിഭാഗം കണക്കാക്കിയിട്ടുള്ളത്.
അടിയന്തരമായി 750 മീറ്റർ ദൂരത്തിൽ ചെയ്യാൻ അഞ്ചുലക്ഷംരൂപ ആവശ്യമായിവരും. പദ്ധതിയേതര വിഭാഗത്തിലെ ഫണ്ടുപയോഗിച്ചാണ് ഇത്തരം പ്രവൃത്തി ചെയ്യാറുള്ളത്. മൈനർ ഇറിഗേഷൻ വിഭാഗത്തിന് ഇപ്പോൾ ഫണ്ട് ലഭ്യമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ മറ്റോ ഫണ്ടുകൾ ലഭ്യമാക്കി പ്രവൃത്തി നടത്താനാണ് അധികൃതർ പാടശേഖരസമിതി ഭാരവാഹികളെ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button