
കോഴിക്കോട്: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങളാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസും, ലഹരിക്കെതിരേ കർക്കശമായ നിലപാട് സ്വീകരിക്കുമെന്നും എവിടെയെല്ലാം പരിശോധന ആവശ്യമുണ്ടോ അവിടെയൊക്കെ പരിശോധന നടത്തുമെന്നും മന്ത്രി എം.ബി. രാജേഷും പറഞ്ഞത് വെറും വാക്കാണെന്ന് കാണിക്കുന്നതാണ് കുറ്റ്യാടി ചുരത്തിലെ രാത്രികാലത്തെ കാഴ്ച.
കോഴിക്കോട്-വയനാട് അതിർത്തിയായ ചുരത്തിലെ 11-ാം വളവിലും എട്ടാംവളവിലും, അഞ്ചാംവളവിലും രാത്രിയായാൽ ലഹരിമാഫിയയുടെ വിഹാരമാണ്. തെരുവുവിളക്കില്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത്, റോഡിലിരുന്നാണ് മദ്യമടക്കമുള്ള ലഹരിപദാർഥങ്ങളുപയോഗിക്കുന്നത്. രാത്രിയിൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. ചുരത്തിൽ രാത്രികാലങ്ങളിൽ ലഹരിമാഫിയ കൈയടക്കി ഗതാഗതതടസ്സം സൃഷ്ടിച്ച സംഭവംവരെ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. ചുരത്തിൽ രാത്രിയിൽ തെരുവുവിളക്കില്ലാത്തതിനാൽ ഇവിടങ്ങൾ ലഹരിമാഫിയയുടെ ഇടത്താവളമാണ്. രാത്രികാലങ്ങളിൽ യാത്രചെയ്യുന്നവർക്ക് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും കൂകിവിളിച്ചും ഇവർ യാത്രാതടസ്സമുണ്ടാക്കാറുണ്ട്. കൂടാതെ, വ്യാജനമ്പർ പതിച്ചും, നമ്പറില്ലാത്തതും നമ്പർ മറച്ചതുമായ ഇരുചക്രവാഹനങ്ങളിൽ മൂന്നും നാലും പേരായാണ് ലഹരിയുപയോഗിക്കുന്നവരും അത് വിപണനം നടത്തുന്നവരും ചുരത്തിലെത്താറുള്ളത്. പോലീസ് കൈകാണിച്ചാൽ നിർത്താതെപോകുകയാണ് ഇവരുടെ പതിവുരീതി. ചുരത്തിന്റെ ഹെയർപിൻ ബെൻഡുകളിൽ ഇവർ രാത്രികാലങ്ങളിൽ പലതരത്തിലുള്ള ആഘോഷങ്ങളും നടത്താറുണ്ട്. ഇത്തരത്തിൽ ആഘോഷങ്ങളും മറ്റും അതിരുവിടുമ്പോൾ റോഡ് കീഴടക്കുകയും ഗതാതഗതതടസ്സമുണ്ടാക്കുകയും ചെയ്യും. ലഹരിമാഫിയയെ പേടിച്ച് രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് ചുരംവഴി യാത്രചെയ്യുന്നവർ ഭയത്തോടെയാണ് കടന്നുപോകുന്നത്.
അഞ്ചാംവളവിൽ ജനവാസകേന്ദ്രമാണ്. എന്നിട്ടും രാത്രിയിൽ ഇവിടെ താമസിക്കുന്നവർ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. ലഹരിസംഘങ്ങൾക്കെതിരേ പ്രതികരിച്ചാൽ സംഘങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതിൽ ആശങ്കയോടെയാണ് നാട്ടുകാർ കഴിയുന്നത്. മന്ത്രിമാർ നൈറ്റ് ലൈഫിനെ പ്രോത്സാഹിപ്പിക്കുകയും ലഹരിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുമെന്ന് പറയുന്നിടത്താണ് ഇത്തരം ലഹരിസംഘങ്ങൾ വാഴുന്നത്. 11-ാം വളവ് ചുങ്കക്കുറ്റി കഴിഞ്ഞാൽ വയനാട് ജില്ലയാണ്. വയനാട്ടിൽ പോലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാണ്. എന്നാൽ, കോഴിക്കോട് ജില്ലാ അതിർത്തിയിൽ പോലീസ് പട്രോളിങ് കാര്യക്ഷമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. വൈകുന്നേരങ്ങളിൽ കണ്ണിൽപ്പൊടിയിടാൻ മാത്രമാണ് പോലീസെത്താറെന്നാണ് നാട്ടുകാരുടെ ആക്ഷേപം.





