Kozhikode

താമരശ്ശേരി ചുരത്തിൽ കാൽതെന്നി കൊക്കയിലേക്കുവീണ് യുവാവിന് ഗുരുതരപരിക്ക്

Please complete the required fields.




കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ കാൽതെന്നി അറുപതടിയോളം താഴ്ചയുള്ള കൊക്കയിലേക്കുവീണ് യുവാവിന് ഗുരുതരപരിക്കേറ്റു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫായിസി(32)നാണ് തലയ്ക്കും ദേഹത്തും പരിക്കേറ്റത്. ചുരം എട്ട്, ഒൻപത് ഹെയർപിൻ വളവുകൾക്കിടയിൽ ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

വയനാട് തേനേരിയിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി സുഹൃത്തുക്കൾക്കൊപ്പം കാറിൽ യാത്രചെയ്യവെ മൂത്രമൊഴിക്കുന്നതിനായി എട്ടാം വളവിനു മുകളിൽ റോഡരികിൽ ഇറങ്ങിയതായിരുന്നു ഫായിസ്. ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിൽനിന്നിറങ്ങി റോഡരികിലെ സംരക്ഷണഭിത്തിക്കുമുകളിലേക്കുനിന്ന ഫായിസ് കാൽവഴുതി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. കല്പറ്റ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് യുവാവിനെ കൊക്കയിൽനിന്ന് സാഹസികമായി പുറത്തെത്തിച്ചത്.സീനിയർ ഫയർ ഓഫീസർ കെ.എം. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത് താമരശ്ശേരി ഹൈവേ പോലീസും സന്നദ്ധസംഘടനാ പ്രവർത്തകരും സ്ഥലത്തെത്തി. ആംബുലൻസിൽ ഈങ്ങാപ്പുഴയിലെ സ്വകാര്യക്ലിനിക്കിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമെത്തിച്ച് പ്രാഥമികചികിത്സ ലഭ്യമാക്കിയശേഷം ഫായിസിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി.

യാത്രാസംഘത്തിൽപ്പെട്ടവർ റോഡരികിലേക്ക് കയറിനിൽക്കവെ കാൽതെന്നി കൊക്കയിലേക്കുവീണ സംഭവങ്ങൾ താമരശ്ശേരി ചുരത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 23-ന് വിനോദയാത്രാസംഘത്തിൽപെട്ട ഒരു യുവാവ് ചുരത്തിൽ കൊക്കയിലേക്ക് കാൽതെന്നിവീണ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. വടകര തോടന്നൂർ ഖാദി ബോർഡിന് സമീപം വരക്കൂൽ ചാലിൽമീത്തൽ അമൽ ജിത്തി(24)നായിരുന്നു അന്ന് മിനി വ്യൂ പോയിന്റിൽവെച്ച് ജീവൻ നഷ്ടമായത്.

Related Articles

Back to top button