Kozhikode

ഓപ്പറേഷൻ ഡി ഹണ്ട്: കോഴിക്കോട് റൂറലിൽ രജിസ്റ്റർചെയ്തത് 408 കേസുകൾ

Please complete the required fields.




താമരശ്ശേരി : കോഴിക്കോട് റൂറൽ പോലീസ് വിവിധ സ്റ്റേഷൻ പരിധികളിലായി ഈ വർഷം ഫെബ്രുവരി 22 മുതൽ ഏപ്രിൽ ആറുവരെ ലഹരിക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ ‘ഓപ്പറേഷൻ ഡി ഹണ്ട്’ സ്പെഷ്യൽ ഡ്രൈവിൽ രജിസ്റ്റർചെയ്തത് 408 കേസുകൾ. റൂറൽ എസ്‌പി കെ.ഇ. ബൈജുവിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയ്ക്കിടെ 425-ഓളം പ്രതികളെ അറസ്റ്റുചെയ്ത പോലീസ് 15.688 കിലോഗ്രാം കഞ്ചാവും 343 കഞ്ചാവ് ബീഡികളും 106.354 ഗ്രാം എംഡിഎംഎയും ഒരു കഞ്ചാവുചെടിയുമാണ് പിടിച്ചെടുത്തത്. 14.77 ഗ്രാം മെത്താഫെറ്റമിനും 1.8 ഗ്രാം ബ്രൗൺഷുഗറും അഞ്ച് നെട്രാസിപ്പാം ഗുളികകളുമെല്ലാം പിടിച്ചെടുത്ത മാരക ലഹരിവസ്തുക്കളിൽ പെടും. സ്ഥിരം ലഹരിവിൽപ്പനക്കാരായ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനൊപ്പം കാപ്പ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കരുതൽ തടങ്കലിൽ വെക്കാനും നാടുകടത്താനുമുള്ള നടപടികളും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, രണ്ടുമാസത്തിനിടെ ലഹരി ഉപയോഗത്തെത്തുടർന്ന് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകവും അക്രമങ്ങളും റിപ്പോർട്ട് ചെയ്ത താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധക്കൂട്ടായ്മ സംഘടിപ്പിക്കും. ബുധനാഴ്ച വൈകീട്ട് മൂന്നിന് പരപ്പൻപൊയിൽ ഹൈലാന്റ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ‘ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേയുള്ള ജനകീയപ്രതിരോധക്കൂട്ടായ്മ’ കണ്ണൂർ റെയ്ഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര ഉദ്ഘാടനംചെയ്യും.

പരിപാടിയിൽ ഡോ. എം.കെ. മുനീർ എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ, കൊടുവള്ളി, മുക്കം നഗരസഭാധ്യക്ഷൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ സംസാരിക്കും. ജനമൈത്രി സുരക്ഷാ പദ്ധതി, എസ്‌പിസി, ഹോപ്പ് പ്രോജക്ട് വിദ്യാർഥികൾ, ആശവർക്കർമാർ, എസ്‌സി-എസ്ടി മോണിറ്ററിങ് കമ്മിറ്റി പ്രവർത്തകർ, റെസി. അസോ. ഭാരവാഹികൾ, കുടുംബശ്രീ-തൊഴിലുറപ്പ് പ്രവർത്തകർ, ലഹരിവിരുദ്ധക്കൂട്ടായ്മ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ സന്നിഹിതരാവും.

Related Articles

Back to top button