Kozhikode

കാത്തിരിപ്പിന് വിട; താമരശ്ശേരി-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സർവീസ് ഇന്നുമുതൽ

Please complete the required fields.




കോഴിക്കോട് : താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ലാഭകരമായി സർവീസ് നടത്തുകയും കോവിഡ് വ്യാപനത്തിനുശേഷം നിർത്തലാക്കുകയുംചെയ്ത താമരശ്ശേരി-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് സർവീസ് നീണ്ട കാത്തിരിപ്പിനൊടുവിൽ ചൊവ്വാഴ്ചമുതൽ പുനരാരംഭിക്കുന്നു. താമരശ്ശേരിയിൽനിന്ന്‌ രാവിലെ 5.15-ന് പുറപ്പെടുന്ന ബസ് മലയോരഹൈവേയിലൂടെ രാത്രി ഏഴുമണിയോടുകൂടി തിരുവനന്തപുരം കളിയിക്കാവിളയിൽ എത്തിച്ചേരുന്നവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന്‌ രാവിലെ 8.10-ന് പുറപ്പെടുന്ന സർവീസ് രാത്രി 10 മണിക്ക് താമരശ്ശേരിയിൽ എത്തിച്ചേരും.

ജനുവരി നാലിന് താമരശ്ശേരി ഡിപ്പോ സന്ദർശിക്കവെ ഡിപ്പോ വികസനത്തിനും നിർത്തലാക്കിയ സർവീസുകൾ തുടങ്ങാനും നടപടിസ്വീകരിക്കുമെന്ന് കെഎസ്ആർടിസി ജീവനക്കാരെയും ജനപ്രതിനിധികളെയും ഗതാഗതമന്ത്രി അറിയിച്ചിരുന്നു. കോവിഡിനുശേഷം നിർത്തലാക്കിയ ബസ് സർവീസ് പുനരാരംഭിക്കണമെന്നും ഡിപ്പോയുടെ സമഗ്രവികസനം സാധ്യമാക്കണമെന്നുമാവശ്യപ്പെട്ട് സ്ഥലം എംഎൽഎ ഡോ. എം.കെ. മുനീർ താമരശ്ശേരി വികസനസമിതി അംഗങ്ങൾക്കൊപ്പം മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെക്കണ്ട് ചർച്ചനടത്തി നിവേദനം സമർപ്പിക്കുകയും ചെയ്തു. എംഎൽഎയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിൽച്ചേർന്ന കൂടിക്കാഴ്ചയിൽ ബസ് സർവീസ് പുനഃസ്ഥാപിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ കെ.ബി. ഗണേഷ്‌കുമാർ അടിയന്തര തുടർനടപടി ഉറപ്പുനൽകിയിരുന്നു. ഈ കൂടിയാലോചനയിലെ തീരുമാനപ്രകാരമാണ് ചൊവ്വാഴ്ചമുതൽ ബസ് സർവീസ് പുനരാരംഭിക്കാൻ വഴിയൊരുങ്ങിയതെന്ന് എം.കെ. മുനീർ എംഎൽഎ അറിയിച്ചു.

പുനരാരംഭിക്കുന്ന ബസ് സർവീസിന്റെ ഉദ്ഘാടനം താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോ പരിസരത്തുനടന്ന ചടങ്ങിൽ ഡോ. എം.കെ. മുനീർ എംഎൽഎ നിർവഹിച്ചു. താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയുടെ സമഗ്രവികസനത്തിനുള്ള പദ്ധതിരൂപരേഖ തയ്യാറാക്കിവരുന്നതായി എം.കെ. മുനീർ അറിയിച്ചു.താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എ. അരവിന്ദൻ അധ്യക്ഷനായി. ഡിപ്പോ എടിഒ കെ. സുമേഷ്, സൂപ്രണ്ട് രാജാക്ഷി, എം.ടി. അയ്യൂബ്ഖാൻ, കെ. മഞ്ജിത, സന്ദീപ് മാടത്തിൽ, വി.കെ. അഷ്‌റഫ്, സാലിഹ് കൂടത്തായി, ടി. വിനോദ്കുമാർ, സി.പി. അബ്ദുൾ ലത്തീഫ്, സജീവൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button