
ചക്കിട്ടപാറ : പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വന്യമൃഗ ശല്യം രൂക്ഷമായി ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ജനങ്ങളുടെ അഭിപ്രായം സമാഹരിക്കാൻ 19 മുതൽ 21 വരെ 15 വാർഡുകളിലും സ്പെഷൽ ഗ്രാമസഭകൾ വിളിച്ചു ചേർക്കാൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റിനു സർക്കാർ അനുവദിച്ച ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാനുള്ള വനം വകുപ്പ് നീക്കത്തിൽ പ്രതിഷേധിച്ചും വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനും പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 24ന് രാവിലെ 10ന് പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിലേക്കു മാർച്ചും ഉപരോധവും നടത്തും. പ്രശ്നം ചർച്ച ചെയ്യാൻ പോലും തയാറാകാതെ പ്രസിഡന്റിന്റെ അധികാരം റദ്ദാക്കാൻ വനം വകുപ്പ് ധിക്കാരപരമായി തീരുമാനമെടുത്തതിൽ യോഗം പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരംസമിതി അധ്യക്ഷരായ സി.കെ.ശശി, ഇ.എം.ശ്രീജിത്ത്, ബിന്ദു വൽസൻ, മെംബർമാരായ കെ.എ.ജോസുകുട്ടി, ജിതേഷ് മുതുകാട്, ആലീസ് പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.
അധികാരം റദ്ദാക്കൽ: മന്ത്രിസഭ 17ന് ചർച്ച ചെയ്യും പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ വനം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് 17നു ചേരുന്ന മന്ത്രിസഭയിൽ ചർച്ചയ്ക്കു വരും. എൽഡിഎഫ് ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്തിൽ സിപിഎമ്മിന്റെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ എടുത്ത ഭരണസമിതി തീരുമാനത്തിനെതിരെ സർക്കാർ തീരുമാനമെടുത്താൽ വീണ്ടും വിവാദങ്ങൾക്കു കാരണമാകും. വിഷയത്തിൽ സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് പഞ്ചായത്ത് നീക്കം.





