Kannur

പയ്യന്നൂരിൽ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, അന്വേഷണം ഊർജിതം

Please complete the required fields.




പയ്യന്നൂർ: പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13കാരിയെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഊർജിതം .കർണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടറിലാണ് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ സ്കൂട്ടറിൽ കൊണ്ടുപോകുന്ന ക്യാമറ ദൃശ്യം പയ്യന്നൂർ പൊലീസിന് ലഭിച്ചു.കുട്ടിയുടെ മാതാവിന്റെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കർണാടക സ്വദേശികളായ ദമ്പതികളുടെ മകളാണ് പെൺകുട്ടി.

ആറു വർഷം മുമ്പ് കുഞ്ഞിമംഗലം പുതിയപുഴക്കരയിലെത്തി വാടക വീട്ടിൽ താമസിച്ച് വരികയാണ്. ഇതിനടുത്തുവെച്ചാണ് കുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയതെന്ന് പറയുന്നു.വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളിൽനിന്ന് മൊഴിയെടുത്തു.സ്കൂട്ടർ കണ്ടെത്താൻ വിവിധ സ്റ്റേഷനുകളിലേക്ക് വിവരം നൽകിയതായി പൊലീസ് പറഞ്ഞു. കർണാടക രജിസ്ട്രേഷനിലുള്ളതാണ് സ്കൂട്ടർ. നമ്പർ ഒറിജിനൽ ആണോയെന്നു വ്യക്തമല്ല.

കണ്ണൂർ പൊലീസിന്റെ അറിയിപ്പിനെ തുടർന്ന് കാസർകോട് ജില്ലയിൽ കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പ്രധാന റോഡുകളിൽ പൊലീസ് ജാഗ്രത പ്രഖ്യാപിച്ചു. രാജപുരം, ആദൂർ, ബദിയഡുക്ക, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകൾക്കാണ് ജാഗ്രതക്ക് നിർദേശം നൽകിയത്.

Related Articles

Back to top button