
തൊട്ടിൽപ്പാലം : കാവിലുംപാറ പഞ്ചായത്തിലെ തൊട്ടിൽപ്പാലം എന്നും വോളിബോളിന്റെ ഈറ്റില്ലമാണ്. 30 വർഷങ്ങൾക്കുമുൻപ് യങ് ഫൈറ്റേഴ്സ് തൊട്ടിൽപ്പാലമാണ് വോളിബോൾ കോച്ചിങ് ക്യാമ്പുകൾക്ക് തുടക്കംകുറിച്ചത്. പിന്നീട് വോളിബോൾ അക്കാദമി തൊട്ടിൽപ്പാലത്തിലൂടെ അത് തുടർന്നു. അങ്ങനെ ഒട്ടേറെപ്പേർ വോളിബോളിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞു. അങ്ങനെ മലയോരമേഖലയായ തൊട്ടിൽപ്പാലത്തുനിന്ന് ഇന്ത്യൻ ജേഴ്സി അണിഞ്ഞവർ സ്മാഷ് കൊണ്ടും ബാക്ക് ലൈൻ അറ്റാക്കുകൊണ്ടും തന്ത്രപരമായ പ്ലെയ്സ് കൊണ്ടും കാണികളെ ആവേശത്തിലാക്കി.
ടോം ജോസഫിലൂടെ അർജുന അവാർഡും തൊട്ടിൽപ്പാലത്തെത്തി. അതിന്റെ തുടർച്ചയെന്നോണമാണ് നളന്ദ സ്പോർട്സ് ക്ലബ് പഞ്ചായത്ത് മുക്ക് തൊട്ടിൽപ്പാലം അവധിക്കാല വോളിബോൾ കോച്ചിങ് ക്യാമ്പുകൾ സംഘടിപ്പിച്ച് പുതിയതാരങ്ങളെ കണ്ടെത്തുന്നത്. കോച്ചിങ് നൽകുന്നതാകട്ടെ മൂന്നുപതിറ്റാണ്ട് മുൻപുള്ള അതേ സ്പോർട്സ്മാൻ സ്പിരിറ്റിൽ എൻ.ഐ.എസ്. കോച്ച് പി.എ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘവും. നളന്ദ സ്പോർട്സ് ക്ലബ്ബിന്റെ പരിശീലനകേന്ദ്രമായ തൊട്ടിൽപ്പാലം ബഡ്സ് സ്കൂൾ മിനി സ്റ്റേഡിയത്തിൽ സി.പി. ഗോവിന്ദൻ, വി.കെ. പ്രദീപ്, ജോൺസൺ എന്നിവർ കുട്ടികൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകിവരുന്നു.





