
ചാത്തമംഗലം : പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽവീണ വിദ്യാർഥിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കളൻതോട് സ്വകാര്യ കോളേജിലെ ബിരുദവിദ്യാർഥിയാണ് പൂളക്കോടിനു സമീപത്തെ 40 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
കോളേജ് വിട്ട് ഇരുചക്രവാഹനത്തിൽ മടങ്ങിയ വിദ്യാർഥികൾ ഹെൽമെറ്റില്ലാത്തതിനാൽ പോലീസ് വാഹനം കണ്ട് ഭയന്ന് വാഹനം നിർത്തി ഇറങ്ങിയോടുകയായിരുന്നു. കാടുമൂടിക്കിടന്നതിനാൽ കിണർ ശ്രദ്ധയിൽപ്പെട്ടില്ല. കൂടെയുണ്ടായിരുന്നവരാണ് വിദ്യാർഥി കിണറ്റിൽവീണ വിവരം അറിയിക്കുന്നത്. ഉടനെ മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി റോപ്പിന്റെയും റെസ്‌ക്യു നെറ്റിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു.
വിദ്യാർഥിക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സി. മനോജ്, സേനാംഗങ്ങളായ സനീഷ് പി. ചെറിയാൻ, പി.ടി. ശ്രീജേഷ്, വൈ.പി. ഷറഫുദ്ധീൻ, കെ.പി. അജീഷ്, ടി.പി. ഫാസിൽ അലി, കെ.എസ്. ശരത്, വി.എം. മിഥുൻ, ജോളി ഫിലിപ്പ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.





