Kozhikode

ഡോക്ടറെയും വനിതാ സുഹൃത്തിനെയും കാർ തടഞ്ഞുനിർത്തി ഭീഷണി, അശ്ലീല ആംഗ്യം കാണിച്ചു; കോഴിക്കോട് രണ്ടു പേർ അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : ഡോക്ടറെയും വനിതാ സുഹൃത്തിനെയും കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും മോശം പദപ്രയോഗങ്ങൾ നടത്തുകയും അശ്ലീല ആംഗ്യം കാണിച്ച് അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. കാക്കൂർ സ്വദേശി ഹജ്നാസ്, നരിക്കുനി സ്വദേശി പാറക്കൽ സജീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഹജ്‌നാസ് സ്വർണക്കടത്തു കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ്. മെഡിക്കൽ കോളജ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ഡോക്ടറും വനിതാ സുഹൃത്തും കാറിൽ വരുമ്പോൾ അരയിടത്ത് പാലത്തിനു സമീപം വച്ചാണ് ഇവർ തടഞ്ഞത്. തുടർന്ന് മോശം പദപ്രയോഗങ്ങളിലൂടെയും അശ്ലീല ആംഗ്യങ്ങളിലൂടെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.ഇ.ബൈജുവിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഡോക്ടറുടെ കാർ തടഞ്ഞ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ റജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.

എന്നാൽ, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ ഉടമസ്ഥനായ കോഴിക്കോട് കായലം സ്വദേശി വാഹനം പണയപ്പെടുത്തിയത് അന്വേഷണത്തിന് തിരിച്ചടിയായി. ഇതിനിടെ, ഒൻപത് കിലോ കഞ്ചാവുമായി പിടികൂടിയ അജിത് വർഗീസ് എന്നയാളുടെ മയക്കുമരുന്ന് സംഘത്തിൽപെട്ട താമരശേരി സ്വദേശികളായ സനീഷ്, അലക്സ് വർഗീസ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

ആന്ധ്രയിൽ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ നാട്ടിലെത്തിയ യുവാവിനാണ് 10,000 രൂപയ്ക്ക് കായലം സ്വദേശി സ്കൂട്ടർ പണയപ്പെടുത്തിയതെന്ന് സൂചന ലഭിച്ചു. ഇയാൾ തന്നോടൊപ്പം ആന്ധ്ര ജയിലിൽ കഞ്ചാവ് കേസിൽ തടവിൽ കഴിഞ്ഞിരുന്ന മറ്റൊരാൾക്ക് ഈ വാഹനം പണയപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

അയാളിൽ നിന്നും അജിത്ത് വർഗീസിന്റെ സംഘം കൈവശപ്പെടുത്തിയ സ്കൂട്ടർ, പത്തോളം ആളുകൾക്ക് കൈമാറിയാണ് നിലവിൽ ഡോക്ടറെ തടഞ്ഞ സംഘത്തിന്റെ കയ്യിലെത്തിയത്. മയക്കുമരുന്ന് കേസ് മുതൽ കൊലപാതക കേസിൽ ഉൾപ്പെട്ട പ്രതികളെ വരെ ഒറ്റ ദിവസംകൊണ്ട് കണ്ടെത്തി ചോദ്യം ചെയ്താണ് അന്വേഷണ സംഘം ഡോക്ടറെയും വനിതാ സുഹൃത്തിനെയും ആക്രമിച്ച കേസിലെ പ്രതികളിലെത്തിയത്.

Related Articles

Leave a Reply

Back to top button